ന്യൂദല്‍ഹി- മണിപ്പൂര്‍ സംഘഷവുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. മെയ്‌തെയ് വിഭാഗത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച ഹൈക്കോടതി നടപടിയേയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വിമര്‍ശിച്ചത്. മെയ്‌തെയ് ഗോത്രത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ മണിപ്പൂര്‍ ഹൈക്കോടതി വിധിക്കു പിന്നാലെയാണ് സംസ്ഥാനത്ത് സാമുദായിക സംഘര്‍ഷം രൂക്ഷമായത്.
ഹൈക്കോടതി വിധി വസ്തുതാപരമായി തെറ്റാണെന്നാണ് ജസ്റ്റിസുമാരായ പി.എസ് നരസിംഹ, ജെ.ബി പര്‍ദീവാല എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടിയത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ നിര്‍ണയിക്കുന്നതിനുള്ള സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഹൈക്കോടതി നടപടിയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മെയ്‌തെയ് ഗോത്രത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യേണ്ടി വരുമെന്നാണ് വിചാരിക്കുന്നത്. ആ വിധി പൂര്‍ണമായും വസ്തുതാ വിരുദ്ധമാണ്. പിഴവ് തിരുത്താന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് എം.വി മുരളീധരന് വേണ്ടത്ര സമയം നല്‍കിയിരുന്നു. എന്നാല്‍, പിഴവ് തിരുത്തപ്പെട്ടില്ല. അക്കാര്യത്തെ അതീവ ഗൗരത്തോടെ തന്നെയാണ് കാണുന്നത്. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍ ഹൈക്കോടതി ജഡ്ജിമാര്‍ കൃത്യമായി പാലിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് വളരെ വ്യക്തമാണെന്നും ചീഫ് ജസ്റ്റീസ് മുന്നറിയിപ്പു നല്‍കി.
എന്നാല്‍ ഹൈക്കോടതി വിധി സുപ്രീംകോടതി ബുധനാഴ്ച സ്‌റ്റേ ചെയ്തില്ല. ഹൈക്കോടതി സിംഗിള്‍ ജഡ്ജ് ബെഞ്ചിന്റെ ഉത്തരവിനെതിരേ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ഹരജി നല്‍കിയിട്ടുണ്ട്. അതിനാല്‍ ഈ കേസില്‍ കക്ഷികള്‍ക്ക് ഡിവിഷന്‍ ബെഞ്ചിനെ തന്നെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിക്കു പിന്നാലെയുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പൂരി ഗോത്ര വിഭാഗങ്ങള്‍ക്ക് സംരക്ഷണം ഉറപ്പു നല്‍കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.
കഴിഞ്ഞ മാര്‍ച്ചിലാണ് മെയ്‌തെയ് വിഭാഗത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് ജസ്റ്റീസ് എം.വി മുരളീധരന്‍ മണിപ്പൂര്‍ സംസ്ഥാനത്തോട് നിര്‍ദേശിച്ചത്. നാലാഴ്ചയ്ക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി ഉത്തരവിന് തൊട്ടു പിന്നാലെ മണിപ്പൂരില്‍ ഗോത്ര വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുകയും നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തു. ക്രൈസ്തവ ദേവാലയങ്ങളും വീടുകളും പരക്കേ ആക്രമിക്കപ്പെട്ടു.
കേസ് പരിഗണിച്ചപ്പോള്‍ മണിപ്പൂര്‍ ഹൈക്കോടതിയുടെ വിധി സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് കടകവിരുദ്ധമാണെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ചൂണ്ടിക്കാട്ടി. ജസ്റ്റീസ് എം.വി മുരളീധരന്റെ വിധിക്കെതിരേ ഓള്‍ മണിപ്പൂര്‍ ട്രൈബല്‍ യൂണിയന്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതില്‍ ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ജൂണ്‍ ആറിനാണ് വീണ്ടും പരിഗണിക്കുന്നത്.
മ്യാന്‍മാറില്‍ നിന്ന് മണിപ്പൂരിലേക്ക് ഏറെപ്പേര്‍ കുടിയേറുന്നുണ്ടെന്നും ഇവര്‍ കഞ്ചാവ് കൃഷിയും മറ്റും വ്യാപകമാക്കുയും ഭീകര ക്യാമ്പുകള്‍ രൂപീകരിക്കുകയും ചെയ്യുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജീത് കുമാര്‍ ചൂണ്ടിക്കാട്ടി. അവര്‍ മണിപ്പൂരില്‍ തന്നെ തമ്പടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് പോലും പ്രകോപനരമായ ട്വീറ്റുകള്‍ ആണ് വരുന്നതെന്ന് അഭിഭാഷകന്‍ നിസാം പാഷ ചൂണ്ടിക്കാട്ടി. കുകി വിദേശികള്‍ എന്ന പരാര്‍ശം നടത്തുകയും ക്രിസ്ത്യാനികളുടെ പേരില്‍ മണിപ്പൂരിനെ നശിപ്പിക്കുന്നു എന്ന് ആരോപണവും മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ഉണ്ടായെന്നും പാഷ ചൂണ്ടിക്കാട്ടി. എന്നാല്‍, വിഷയത്തിന്റെ രാഷ്ട്രീയ വശങ്ങളിലേക്ക് കടക്കുന്നില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം. ക്രമസമാധാനം പാലിക്കപ്പെടുന്നുണ്ടെന്നും അധികൃതര്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും ഉറപ്പു വരുത്തണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് നിര്‍ദേശം നല്‍കി. മ്യാമാറില്‍ നിന്ന് അനധികൃത കുടിയേറ്റകക്കാര്‍ വരുന്നു എന്നത് യഥാര്‍ഥ്യമാണെന്ന് തുഷാര്‍ മേത്തയും വ്യക്തമാക്കി.
മണിപ്പൂരില്‍ പല ഗ്രാമങ്ങളിലും ഗോത്ര വിഭാഗങ്ങള്‍ക്ക് നേരെ കലാപകാരികളുടെ ആക്രമണം ഉണ്ടാകുന്നുണ്ടെന്ന് മണിപ്പൂര്‍ ട്രൈബല്‍ ഫോറത്തിന്റെ പരാതിയില്‍ സുരക്ഷാ സേന നടപടിയെടുക്കണമെന്ന്് സുപ്രീംകോടതി നിര്‍ദേശിച്ചു. ഗോത്രവിഭാഗങ്ങള്‍ക്ക് സൈന്യം സംരക്ഷണം നല്‍കണമെന്ന് മണിപ്പൂര്‍ ട്രൈബല്‍ ഫോറത്തിന്റെ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ആവശ്യപ്പെട്ടു. ഇതിനകം 18 പേര്‍ കൊല്ലപ്പെട്ടു. അക്രമ ഭീഷണിയുള്ള ഗ്രാമങ്ങളിലേക്ക് സൈന്യത്തെ അയക്കണം. പ്രതിദിനം അക്രണങ്ങള്‍ ഉണ്ടാകുന്നു. കലാപകാരികള്‍ കൂടുതല്‍ അക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് സംരക്ഷണം ഉറപ്പു വരുത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്. സുരക്ഷാ നടപടികളെക്കുറിച്ചുള്ള തത്സ്ഥിതി റിപ്പോര്‍ട്ട് വേനലവധി കഴിഞ്ഞ് മണിപ്പൂര്‍ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ ഇരുപക്ഷത്തു നിന്നും ആരോപണങ്ങളുണ്ട്. ഒരു വിഭാഗത്തിന്റെ വിവരണങ്ങളില്‍ നിന്ന് തീര്‍പ്പു കല്‍പ്പിക്കാനാകില്ല. ക്രമസമാധാനം സംസ്ഥാനത്തിന്റെ ചുമതലയുമാണ്. വിഷയത്തിന്റെ രാഷ്ട്രീയ വശങ്ങളിലേക്ക് കടക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)