ന്യൂദല്‍ഹി- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക നല്‍കിയ ലൈംഗീക പീഡന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിന് സുപ്രീംകോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റീസുമാരായ ബി.ആര്‍ ഗവായ്, സഞ്ജയ് കരോള്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസിനെതിരെ ആരോപണങ്ങളുമായി അസം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ ഡോ. അങ്കിതാ ദാസ് രംഗത്തെത്തിയത്. കഴിഞ്ഞ ആറു മാസമായി ശ്രീനിവാസ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് അങ്കിത ആരോപിച്ചു. ഇക്കാര്യം രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അവര്‍ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു അങ്കിതയുടെ പ്രതികരണം.
മോശമായ പദങ്ങള്‍ ഉപയോഗിച്ച് പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അങ്കിത ആരോപിക്കുന്നു. ഒരു സ്ത്രീയായതിനാല്‍ വിവേചനം പ്രകടിപ്പിക്കുന്നു. മാസങ്ങളോളം താന്‍ നിശബ്ദയായി ഇരുന്നുവെന്നും അവര്‍ വ്യക്തമാക്കി. രാഹുലില്‍ തനിക്ക് വിശ്വാസമുണ്ടായിരുന്നു. ജമ്മുവില്‍ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ ഇക്കാര്യം രാഹുലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതാണ്. എന്നാല്‍ ഇത്രയും കാലമായിട്ടും വിഷയത്തില്‍ ഒരു നടപടിയും ഉണ്ടായില്ല. ഇതാണോ രാഹുല്‍ വാദിക്കുന്ന സ്ത്രീകള്‍ക്കുള്ള സുരക്ഷിത ഇടമെന്നും അങ്കിത ചോദിച്ചിരുന്നു. എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി ശ്രീനിവാസ് രംഗത്തെത്തി. അങ്കിതയ്ക്ക് പിന്നില്‍ ബിജെപിയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമാണെന്നാണ് ശ്രീനിവാസിന്റെ വാദം. അസം മുന്‍ മന്ത്രി അഞ്ജന്‍ ദത്തയുടെ മകള്‍ കൂടിയാണ് പരാതി നല്‍കിയ അങ്കിത.
എന്നാല്‍, പരാതി നല്‍കും മുന്‍പ് അങ്കിതയുടെ ട്വീറ്റുകളിലും അഭിമുഖങ്ങളിലും ലൈംഗീകാരോപണം ഉന്നയിച്ചിരുന്നില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആരോപണം ഉന്നയിച്ചു രണ്ടു മാസത്തിന് ശേഷമാണ് പരാതി നല്‍കിയത്. അതു കൊണ്ടു തന്നെ ശ്രീനിവാസന്് ഇടക്കാല ജാമ്യത്തിന് അര്‍ഹതയുണ്ട്. അതിനാല്‍ 50,000 രൂപയുടെ ഉറപ്പില്‍ ഇടക്കാല ജാമ്യം അനുവദിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
ശ്രീനിവാസന്‍ മേയ് 22ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പേ ഹാജരാകണം. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് പിന്നീടും ഹാജരാകണം. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ ദേശീയ വനിത കമ്മീഷന്‍ നടത്തുന്ന അന്വേഷണത്തോടും സഹകരിക്കണമെന്നും നിര്‍ദേശിച്ചു.