Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിജയത്തിന്റെ ബെൽ മുഴക്കം

ഇംഗ്ലണ്ട് ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനിടെ ഗാരി കഹീൽ (15) പന്തടിച്ചകറ്റുന്നു. 
  • ബെൽജിയം 1-ഇംഗ്ലണ്ട് 0
  • തുനീഷ്യ 2-പാനമ 1

കാലിനിൻഗ്രാഡ്/സരാൻസ്‌ക് - രണ്ടാം നിരകളുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ 1-0 ന് മറികടന്ന് തുടർച്ചയായ രണ്ടാം ലോകകപ്പിലും ബെൽജിയം മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും വിജയിച്ചു. ബെൽജിയം ഗ്രൂപ്പ് ചാമ്പ്യന്മാരായി. അപ്രസക്തമായ മത്സരത്തിൽ തുനീഷ്യ 2-1 ന് പാനമയെ തോൽപിച്ചു. 40 വർഷത്തിനു ശേഷമാണ് തുനീഷ്യ ലോകകപ്പിൽ വിജയം നേടുന്നത്. 
അവസാന മത്സരത്തിനു മുമ്പെ പ്രി ക്വാർട്ടർ സ്ഥാനങ്ങൾ ഉറപ്പായ ഗ്രൂപ്പിൽ ഇരു ടീമുകൾക്കും ഒന്നാം സ്ഥാനം നേടാൻ താൽപര്യമുണ്ടായിരുന്നില്ല. രണ്ടാമതെത്തുന്ന ടീമിനാണ് കൂടുതൽ സുഗമമായ പാത. ഗോൾഡൻ ബൂട്ടിന് അവസരമുണ്ടായിരുന്നുവെങ്കിലും ക്യാപ്റ്റൻ ഹാരി കെയ്‌നിന് ഇംഗ്ലണ്ടും റൊമേലു ലുകാകുവിന് ബെൽജിയവും വിശ്രമം നൽകി. പാനമയെ തോൽപിച്ച ടീമിൽ ഇംഗ്ലണ്ട് എട്ട് മാറ്റങ്ങൾ വരുത്തി. ബെൽജിയം ഒരുപടി കൂടി കടന്നു. തുനീഷ്യയെ തോൽപിച്ച ടീമിലെ ഒമ്പതു പേരെയും മാറ്റി. പ്ലേമേക്കർ എഡൻ ഹസാഡിനു പകരം സഹോദരൻ തോർഗൻ ഇറങ്ങി. 
ആദ്യ പകുതി പ്രതീക്ഷിച്ചതു പോലെ വിരസമായിരുന്നു. ആറാം മിനിറ്റിൽ യൂറി ടീലെമാൻസിന്റെ കിടിലൻ ഷോട്ട് ഇംഗ്ലണ്ട് ഗോളി ജോർദാൻ പിക്‌ഫോഡ് രക്ഷിച്ചു. നാലു മിനിറ്റിനു ശേഷം മിച്ചി ബാറ്റ്ഷുവായിയുടെ ശ്രമം ഗോൾലൈനിൽ ഇംഗ്ലണ്ട് ഡിഫന്റർ ഗാരി കഹീൽ തട്ടിയകറ്റി. രണ്ടാം പകുതിയിൽ ബെൽജിയത്തിന്റെ ശ്രമങ്ങൾ ഫലം കണ്ടു. അമ്പത്തൊന്നാം മിനിറ്റിൽ മനോഹരമായ ഗോളിലൂടെ അദ്‌നാൻ യാനുസായ് അവർക്ക് ലീഡ് സമ്മാനിച്ചു. ഇംഗ്ലണ്ടിന് കിട്ടിയ ഏക അവസരം മാർക്കസ് റാഷ്ഫഡ് പുറത്തേക്കടിച്ചു തുലച്ചു.
അപ്രസക്തമായ മത്സരത്തിൽ തുനീഷ്യ 2-1 ന് പാനമയെ തോൽപിച്ചു. യാസിൻ മെരിയയുടെ സെൽഫ് ഗോളിൽ ആദ്യ പകുതിയിൽ പാനമ മുന്നിലെത്തിയെങ്കിലും അമ്പത്തൊന്നാം മിനിറ്റിൽ ഫഖ്‌റുദ്ദീൻ ബിൻയൂസുഫും അറുപത്താറാം മിനിറ്റിൽ വഹബി ഖസ്‌രിയും തിരിച്ചടിച്ചു.   
തുനീഷ്യ ഗോൾകീപ്പർ അയ്മൻ മത്‌ലൂതി ലോകകപ്പിൽ അരങ്ങേറിയത് പകരക്കാരനില്ലാതെയാണ്. അവരുടെ ഒന്നാം ഗോളി മുഇസ് ഹസന് ആദ്യ കളിയുടെ തുടക്കത്തിൽ തന്നെ പരിക്കേറ്റിരുന്നു. റിസർവ് ഗോളി ഫാറൂഖ് ബിൻമുസ്തഫക്ക് ഇന്നലെ പരിശീലനത്തിനിടയിലും പരിക്കേറ്റു. മറ്റൊരു ഗോളിയെ കൊണ്ടുവരാനുള്ള അഭ്യർഥന ഫിഫ നിരസിച്ചു. മറ്റു നാല് കളിക്കാർക്കും ലോകകപ്പിൽ അരങ്ങേറാൻ തുനീഷ്യ അവസരമൊരുക്കി. 

 

Latest News