ബംഗളൂരു- ആകാശ എയര്‍ ലൈനിന്റെ വിമാനത്തിനുള്ളില്‍ ഇരുന്ന് ബീഡി വലിച്ച 56കാരന്‍ അറസ്റ്റില്‍. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിലെ ഡ്യൂട്ടി മാനേജറുടെ പരാതിയിലാണ് പോലീസ് നടപടി. രാജസ്ഥാനിലെ മാര്‍വാര്‍ മേഖലയില്‍ നിന്നുള്ള പ്രവീണ്‍ കുമാറാണ് അറസ്റ്റിലായത്.
അഹമ്മദാബാദില്‍ നിന്നാണ് ഇയാള്‍ വിമാനത്തില്‍ കയറിയത്. എയര്‍ലൈന്‍സ് ക്രൂ അംഗങ്ങളാണ് പ്രവീണ്‍ ടോയ്ലറ്റില്‍ നിന്ന് പുകവലിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. എന്നാല്‍ ഇത് തന്റെ ആദ്യ വിമാന യാത്രയാണെന്നും വിമാനത്തിലെ നിയമങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും പ്രവീണ്‍ പോലീസിനോട് പറഞ്ഞു.
ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ താന്‍ ടോയ്ലറ്റിലിരുന്ന് പുകവലിക്കാറുണ്ടെന്നും വിമാനത്തിലും അങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് കരുതിയാണ് പുകവലിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു. സുരക്ഷാ പരിശോധനയ്ക്കിടെ പ്രവീണില്‍ നിന്ന് ബീഡി കണ്ടെത്താന്‍ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് പോലീസ് അറിയിച്ചു.