ന്യൂദല്‍ഹി- ദി കേരളാ സ്‌റ്റോറി എന്ന സിനിമ കൃത്രിമമായി തയാറാക്കിയ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വര്‍ഗീയ വികാരങ്ങള്‍ ഇളക്കിവിടുന്ന വിദ്വേഷ പ്രസംഗങ്ങള്‍ അടങ്ങിയതാണെന്നും സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
സിനിമ സാമുദായിക അസ്വാരസ്യങ്ങള്‍ക്കും ക്രമസമാധാന പ്രശ്‌നത്തിനും കാരണമാകുമെന്ന് ഇന്റലജിന്‍സ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായും മമത ബാനര്‍ജി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
സിനിമയുടെ പ്രദര്‍ശനം തീവ്രവാദ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനു കാരണമാകുമെന്നും സിനിമക്ക് സംസ്ഥാനത്ത് നിരോധം ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ചുകൊണ്ട് സത്യവാങ്മൂലത്തില്‍ പറയുന്നു.