ന്യൂഡൽഹി - മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള കർണാടക കോൺഗ്രസിലെ അനിശ്ചിതത്വം തുടരവേ, മുതിർന്ന നേതാവ് ഡി.കെ ശിവകുമാർ ഹൈക്കമാൻഡിന് മുന്നിൽ വെച്ച ഏഴ് കാര്യങ്ങൾ ഇവയാണ്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് ആദ്യ ടേം നൽകണമെന്ന ചില മുതിർന്ന നേതാക്കളുടെ നിർദേശത്തോടായാണ് കെ.പി.സി.സി പ്രസിഡന്റ് ഡി.കെ ശിവകുമാറിന്റെ പ്രതികരണം.
1. പാർട്ടി പറയുന്നത് ഞാൻ കേൾക്കും, അനുസരിക്കും. പക്ഷേ, മുഖ്യമന്ത്രിസ്ഥാനം ആദ്യ ടേമിൽ എനിക്ക് നൽകാനാവില്ലെങ്കിൽ ഞാൻ മന്ത്രിസഭയിലേക്കില്ല. എം.എൽ.എയായി തുടരാം.
2. സിദ്ധരാമയ്യക്ക് അഞ്ചുവർഷം തുടർച്ചയായി ഭരിക്കാൻ ഇതിന് മുമ്പ് അവസരം നൽകിയതാണ്. രണ്ടാം ടേമിൽ അദ്ദേഹത്തിന് നൽകാം.
3. മുഖ്യമന്ത്രി ആയപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും സിദ്ധരാമയ്യ പാർട്ടി താൽപര്യങ്ങളേക്കാൾ വ്യക്തി താൽപര്യങ്ങൾക്കാണ് മുൻതൂക്കം നൽകിയത്.
4. 2019-ൽ പാർട്ടിയെ പ്രതിസന്ധിയിലാക്കി കൂറു മാറിയവർ സിദ്ധരാമയ്യയുടെ അടുപ്പക്കാരാണ്. ഞാൻ ഒരിക്കലും പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കില്ല. വിയോജിപ്പോടെ പൂർണമായും പാർട്ടി തീരുമാനം അനുസരിക്കും.
5. 76 വയസ് കഴിഞ്ഞ സിദ്ധരാമയ്യ പുതിയ ആളുകളുടെ വഴിമുടക്കുന്നത് ശരിയല്ല. അദ്ദേഹത്തെ പാർട്ടി രണ്ടാം ടേമിൽ പരിഗണിച്ചോളൂ.
6. സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല.
7. പാർട്ടി എന്നിലേൽപ്പിച്ച മുഴുവൻ ഉത്തരവാദിത്തങ്ങളും ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. തുടർന്നും അതുണ്ടാവും. പക്ഷേ, എന്നെ പരിഗണിക്കണം.
എന്നാൽ, ഈ നിർദേശങ്ങളൊക്കെ പറയുമ്പോഴും സോണിയാ ഗാന്ധിയുടെ ഇടപെടലിൽ ഭാവിയിലേക്കുള്ള കൃത്യമായ ഒരു ഉറപ്പിൽ ഡി.കെ വഴങ്ങുമെന്നാണ് എ.ഐ.സി.സി കേന്ദ്രങ്ങളുടെ പ്രതീക്ഷ.
ഡി.കെയുടെ സേവനം കർണാടകത്തിൽ മാത്രം പോര, വരാനിരിക്കുന്ന പല നിർണായ ഘട്ടങ്ങളിലും ദേശീയ രാഷ്ട്രീയത്തിലും ആവശ്യമാണെന്നിരിക്കെ, ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം കർണാടകയുടെ സുപ്രധാന റോളുകളിലേക്ക് നിയോഗിക്കാം എന്ന ഉറപ്പുനൽകാനാണ് നേതൃത്വം ശ്രമിക്കുന്നത്.