ന്യൂഡൽഹി - കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അവകാശവാദങ്ങൾക്കിടെ, അനുനയ നീക്കങ്ങൾ ശക്തമാക്കി കോൺഗ്രസ് ഹൈക്കമാൻഡ്. അതിനിടെ ആരെ മുഖ്യമന്ത്രി ആക്കണമെന്നതിൽ ഹൈക്കമാൻഡിലും ഭിന്ന സ്വരമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ പേരിന് മുൻതൂക്കം നൽകുമ്പോൾ എ.ഐ.സി.സി ജനറൽസെക്രട്ടറി പ്രിയങ്കാ ഗാന്ധിയും മുതിർന്ന നേതാവ് സോണിയാ ഗാന്ധിയും ഡി.കെ ശിവകുമാറിനെ പൂർണമായും തൃപ്തിപ്പെടുത്താത്ത ഒരു തീരുമാനവും അടിച്ചേൽപ്പിക്കാൻ പാടില്ലെന്ന ശക്തമായ നിലപാടിലാണ്.
എം.എൽ.എമാരുടെ ഭൂരിപക്ഷ ഹിതം അനുസരിച്ചും കർണാടക രാഷ്ട്രീയത്തിലെ ഭാവിയും വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പും മുന്നിൽ കണ്ടാണ് ഡി.കെക്ക് ആദ്യം അവസരം നൽകേണ്ടതില്ലെന്നും രണ്ടാം ടേമിൽ നൽകിയാൽ മതിയെന്നും മുതിർന്ന നേതാക്കളിൽ അഭിപ്രായം ഉയർന്നത്. ഡി.കെയെ കർണാടക രാഷ്ട്രീയത്തിൽ മാത്രമല്ല, ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിൽ നിർണായക നീക്കങ്ങൾക്ക് ദേശീയ രാഷ്ട്രീയത്തിൽ അടക്കം ആവശ്യമുള്ളതിനാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം മാത്രം കർണാടകയുടെ മുഖ്യ ചുമതലയിലേക്ക് പോകുന്നതാവും പാർട്ടിക്ക് നല്ലതെന്നാണ് പൊതുവേയുള്ള വികാരം. ഇതോട് സോണിയയ്ക്കും പ്രിയങ്കയ്ക്കുമെല്ലാം യോജിപ്പുണ്ടെങ്കിലും അദ്ദേഹത്തെ അവഗണിച്ചുവെന്ന തോന്നൽ ഉണ്ടാകരുതെന്ന നിർബന്ധമാണ് ഇവർക്കുള്ളത്.
ശിവകുമാർ ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയോടൊപ്പം നിൽക്കുമെന്നും അദ്ദേഹത്തിന്റെ ആവശ്യങ്ങൾ ന്യായമാണെന്നും അംഗീകരിക്കുമ്പോൾ തന്നെ ആദ്യ ഘട്ടത്തിൽ സിദ്ധരാമയ്യയെ പരിഗണിച്ച് ഡി.കെയുടെ മറ്റ് ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന നിലപാടിലാണ് കോൺഗ്രസ് ദേശീയ നേതൃത്വമുള്ളത്. എന്നാൽ ആദ്യ ടേമിൽ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്നും എം.എൽ.എയായി തുടരാമെന്നുമാണ് ശിവകുമാർ നിലപാട് അറിയിച്ചതെന്നാണ് വിവരം.
പ്രശ്‌നത്തിൽ അന്തിമ നിലപാട് സോണിയാ ഗാന്ധി കൂടി വന്ന ശേഷമേ ഉണ്ടാകൂ. ഷിംലയിലുള്ള സോണിയാഗാന്ധി ഉടനെ ഇരു നേതാക്കളുമായും മറ്റു മുതിർന്ന നേതാക്കളുമായും സംസാരിച്ച് അന്തിമ ഫോർമുലയ്ക്ക് രൂപം നൽകുമെന്നാണ് കരുതുന്നത്. സോണിയാ ഗാന്ധി നൽകുന്ന ഉറപ്പിൽ പാർട്ടി തീരുമാനം പൂർണമായും ഉൾക്കൊള്ളാൻ ഡി.കെ ശിവകുമാറും തയ്യാറാകുമെന്നാണ് സൂചന. അങ്ങനെ വന്നാൽ സിദ്ധരാമയ്യയെ ആദ്യ രണ്ടു വർഷം മുഖ്യമന്ത്രിയും ഡി.കെയെ ഉപമുഖ്യമന്ത്രി ആക്കിയും കാര്യങ്ങൾ മുന്നോട്ടു നീക്കാമെന്ന പ്രതീക്ഷയാണ് എ.ഐ.സി.സി നേതൃത്വത്തിനുള്ളത്. എന്തായാലും സോണിയാ ഗാന്ധിയുടെ ഇടപെടൽ പ്രശ്‌നത്തിൽ അതി നിർണായകമാണ്. ശേഷം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഒട്ടും വൈകാതെ അന്തിമ തീരുമാനം അറിയിക്കുമെന്നാണ് പറയുന്നത്.