Sorry, you need to enable JavaScript to visit this website.

ഗൂഗിള്‍ മാപ്പ് നോക്കി എത്തിയ സംഘം വനത്തില്‍ കുടുങ്ങി പോലീസും ഫയര്‍ഫോഴ്‌സും രക്ഷകരായി

തൊടുപുഴ- ഗൂഗിള്‍മാപ്പ് നോക്കി ഫോര്‍ട്ട് കൊച്ചിയിലെ ട്യൂഷന്‍ സെന്ററില്‍ നിന്ന് മലയിഞ്ചി കീഴാര്‍കുത്ത് വെള്ളച്ചാട്ടം കാണാന്‍ വന്ന എട്ടംഗ സംഘത്തിലൊരാള്‍ സമീപത്തെ മലയില്‍ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് തെന്നി വീണ് സാരമായി പരിക്കേറ്റു. ഫോര്‍ട്ട് കൊച്ചി സ്വദേശി ജിജു ജയിംസാണ് (35) അപകടത്തില്‍പ്പെട്ടത്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നാല് മണിക്കൂറിലേറെ പരിശ്രമിച്ചാണ് വനത്തിനുള്ളില്‍ നിന്ന് യുവാവിനെ പുറത്തെത്തിച്ച് ആശുപത്രിയിലാക്കിയത്.  രാവിലെ 11.41നാണ് കീഴാര്‍കുത്തിലെത്തിയ വിനോദസഞ്ചാര സംഘത്തിലൊരാള്‍ അപകടത്തില്‍പ്പെട്ടെന്ന വിവരം തിരുവനന്തപുരം കണ്‍ട്രോള്‍ റൂമില്‍ നിന്ന് കരിമണ്ണൂര്‍ പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് കരിമണ്ണൂര്‍ എസ് .ഐ ബിജു ജേക്കബ്, എ. എസ് .ഐ ജോസ് ജോണ്‍, സി .പി. ഒ രാജേഷ് പി. ടി എന്നിവര്‍ നാട്ടുകാരനായ ബിനീഷിന്റെ സഹായത്തോടെ സംഭവസ്ഥലത്തേക്ക് തിരിച്ചു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിച്ച സംഘത്തിന്റെ ഫോണ്‍ നമ്പറില്‍ പലതവണ ശ്രമിച്ച് ഒടുവില്‍ ബന്ധപ്പെടാനായി. തുടര്‍ന്ന് ഇവര്‍ നല്‍കിയ വിവരമനുസരിച്ച് മലയിഞ്ചിയില്‍ നിന്ന് നാലര കിലോമീറ്ററോളം വനത്തിനുള്ളിലൂടെ നടന്ന് 1.20ന് ഇവര്‍ സംഭവസ്ഥലത്തെത്തി. അപ്പോള്‍ വീഴ്ചയുടെ ആഘാതത്തില്‍ എഴുന്നേല്‍ക്കാനാകാതെ കിടക്കുകയായിരുന്നു യുവാവ്. ഈ സമയം വെള്ളവും മറ്റും തീര്‍ന്ന് അവശനിലയിലായിരുന്നു സംഘം. തുടര്‍ന്ന് പോലീസ് അറിയിച്ചതനുസരിച്ച് സ്ട്രക്ചറുമായി ഫയര്‍ഫോഴ്‌സും വനപാലകരും കൂടുതല്‍ പോലീസും നാട്ടുകാരും സംഭവസ്ഥലത്തെത്തി. സംഘത്തിലുള്ളവര്‍ക്ക് വെള്ളവും ബിസ്‌കറ്റും മറ്റും നല്‍കി. ഇവിടെ നിന്ന് യുവാവിനെ സ്ട്രക്ചറില്‍ കയറ്റി ചുമന്ന് വൈകിട്ട് മൂന്ന് മണിയോടെ വാഹനമെത്തുന്ന മലയിഞ്ചിയിലെത്തിച്ചു. ഇവിടെ നിന്ന് ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സില്‍ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലുമെത്തിച്ചു. യുവാവിന്റെ തലയ്ക്കും വാരിയെല്ലിനും കാല്‍മുട്ടിനും സാരമായി പരിക്കേറ്റിട്ടുണ്ട്. നടപ്പുവഴി പോലുമില്ലാത്ത ആനയുള്ള കൊടുംകാട്ടിലാണ് സംഘം അകപ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരിലേറെ പേരുടെ ദേഹത്ത് അട്ട കടിച്ചു. തൊടുപുഴ ഫയര്‍ഫോഴ്‌സില്‍ നിന്ന് ഗ്രേഡ് എ. എസ് ടി. ഒ കെ. എ ജാഫര്‍ ഖാന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍മാരായ ഷൗക്കത്തലി ഫവാസ്, കെ. ബി ജിനീഷ് കുമാര്‍, ഫയര്‍ ഓഫീസര്‍മാരായ ഷിന്റോ തോമസ്, എം. എന്‍ അയൂബ്, കെ. ബി ബിജു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

 

Latest News