കൊച്ചി- സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ രണ്ട് കേസുകളിലെ വധശിക്ഷ ശരിവെക്കുന്ന നടപടി ആരംഭിച്ചു. ജിഷാ വധക്കേസ്, ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് എന്നിവയിലെ വധശിക്ഷ വിധി ശരിവെക്കുന്നതിന്റെ ഭാഗമായുള്ള മിറ്റിഗേഷന്‍ അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി അഭിഭാഷകരായ സായി പൂജ, മിതാ സുധീന്ദ്രന്‍ എന്നിവരെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. ദല്‍ഹി നാഷണല്‍ ലോ യൂനിവേഴ്സിറ്റിയിലെ പ്രൊജക്ട് 39 എന്ന ഏജന്‍സിയുടെ സഹായം ആവശ്യമാണെന്ന് അമിക്കസ് ക്യൂറി കോടതിയില്‍ ബോധിപ്പിച്ചു. കേസില്‍ വധശിക്ഷ കുറ്റവാളികള്‍ക്ക് നല്‍കുന്നതിന് മതിയായ കാരണങ്ങള്‍ ഉണ്ടോ എന്നു പരിശോധിക്കാനാണ് മിറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നത്. കുറ്റവാളികളുടെ അപ്പീല്‍ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ മിറ്റിഗേഷന്‍ നടത്താന്‍ കഴിയുമെന്ന തീരുമാനത്തിലാണ് കോടതി എത്തി ചേര്‍ന്നത്. മിറ്റിഗേഷന്‍ അപ്പീല്‍ പരിഗണിക്കുന്നതിന് മുമ്പ് വേണോയെന്ന കാര്യത്തിലാണ് കോടതിയുടെ പുതിയ ഉത്തരവിലൂടെ നിലപാട് വ്യക്തമാക്കിയത്. കുറ്റവാളികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം, മാനസിക നില, നേരിട്ടിട്ടുള്ള പീഡനം എന്നിവയും അന്വേഷണ വിധേയമാക്കും.
രണ്ട് കേസുകളിലെയും കുറ്റവാളികളുടെ സ്വഭാവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ വകുപ്പിന് നിര്‍ദേശം നല്കി. കുറ്റകൃത്യത്തിന് മുമ്പുള്ള സ്വഭാവത്തെ കുറിച്ചും പരിശോധനകള്‍ നടത്തും. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്, ജസ്റ്റിസ് സി. ജയചന്ദ്രന് എന്നിവരുടെ ഡിവിഷന് ബെഞ്ചാണ് ഉത്തരവിട്ടത്. രണ്ട് കേസുകളിലെയും കുറ്റവാളികളുടെ സാമ്പത്തിക-സാമൂഹിക പശ്ചാത്തലത്തെ കുറിച്ച് പരിശോധിക്കണമെന്ന് സുപ്രീം കോടതി മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമ്പത്തിക- സാമൂഹിക പശ്ചാത്തലവുമായി ബന്ധപ്പെട്ട് മുമ്പ് ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കണം. കേസ് പിന്നീട് പരിഗണിക്കും.