Sorry, you need to enable JavaScript to visit this website.

ട്രെയിന്‍ സ്റ്റോപ്പിന്റെ ക്രെഡിറ്റ് ആര്‍ക്ക്; എം.പിമാരെ കണ്‍ഫ്യൂഷനിലാക്കി മന്ത്രി

ന്യൂദല്‍ഹി- കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് ആലപ്പുഴയിലും കാസര്‍കോടും സ്‌റ്റോപ്പനുവദിച്ചതിന്റെ ക്രെഡിറ്റ് ഒരേസമയം ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും എം.പിമാര്‍ക്കു നല്‍കി കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍.
താന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പുകള്‍ അനുവദിച്ചതെന്ന് പി. കരുണാകരന്‍ എം.പി അവകാശപ്പെട്ടു. ഇദ്ദേഹത്തിന്റെ നിവേദനം പരിഗണിച്ചാണ് സ്‌റ്റോപ്പുകള്‍ അനുവദിച്ചതെന്ന് പിയൂഷ് ഗോയല്‍ നല്‍കിയ കത്തില്‍ പറയുന്നുമുണ്ട്.
എം.പി എന്ന നിലയില്‍ താന്‍ നല്‍കിയ നിവേദനം പരിഗണിച്ച് സ്‌റ്റോപ്പ് അനുവദിച്ച ശേഷം ഇതേ ക്രെഡിറ്റ് വി.മുരളീധരന്‍ എം.പിക്കും മന്ത്രി നല്‍കിയെന്ന് പി.കരുണാകരന്‍ കുറ്റപ്പെടുത്തി.
അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചത് തന്റെ ആവശ്യം പരിഗണിച്ചാണെന്ന് രാജ്യസഭാ എം.പി വി.മുരളീധരന്‍ കേരളത്തില്‍ പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു.
അന്ത്യോദയ എക്‌സ്പ്രസിന് സ്‌റ്റോപ്പ് അനുവദിക്കുന്ന കാര്യം പോലും രാഷ്ട്രീയവല്‍ക്കരിക്കുന്ന റെയില്‍വേ മന്ത്രി ഗോയലിന്റെ നിലപാട് അംഗീകരിക്കാനാവില്ല.  ഒരു മന്ത്രി ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിത്. ഇത്തരത്തില്‍ രാഷ്ട്രീയ നീക്കം നടത്തുന്നത് ശരിയല്ല. ഒരു ജനപ്രതിനിധിയെ അപമാനിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്ന് പി.കരുണാകരന്‍ പറഞ്ഞു. ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ത്യോദയ എക്‌സ്പ്രസിന് പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ സ്‌റ്റോപ്പനുവദിക്കാത്തത് ചൂണ്ടിക്കാട്ടി പി.കരുണാകരന്‍ മന്ത്രിക്കും ചെയര്‍മാനും ജനറല്‍ മാനേജര്‍ക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നു. കാസര്‍കോട്ട് ജൂലൈ ഒന്നുമുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും പി. കുരുണാകരന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു മന്ത്രാലയം ആവശ്യം അംഗീകരിച്ചത്. മന്ത്രി ഗോയലിന്റെ ആവശ്യപ്രകാരം വ്യാഴാഴ്ച പി. കരുണാകരന്‍ ദല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
വി.മുരളീധരന്‍ എം.പി ആകുന്നതിനു മുമ്പ് തന്നെ താന്‍ ഈ വിഷയം ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്ന് കരുണാകരന്‍ പറഞ്ഞു.  
കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിലുള്‍പ്പെടെ രാഷ്ട്രീയ വിവേചനമാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് മന്ത്രിയുടെ പുതിയ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി നടപ്പാക്കണമെന്നാവശ്യം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലും ഉന്നയിക്കും. ഇതിനു മുന്നോടിയായാണ് ഇടതുപക്ഷ എം.പിമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കോച്ച് ഫാക്ടറി നേടിയെടുത്തത് ഇടതുപക്ഷം വലിയ പ്രക്ഷോഭങ്ങള്‍ നടത്തിയാണ്. പാലക്കാട് ഡിവിഷന്‍ വെട്ടിമുറിക്കുന്നതിനെതിരെ സംസ്ഥാനത്തിന്റെ പ്രതിഷേധമറിയിക്കാന്‍ എ.കെ ആന്റണിയുള്‍പ്പെടെ കേരളത്തില്‍നിന്നുള്ള എട്ട് മന്ത്രിമാരും തയാറായില്ല. കേന്ദ്ര മന്ത്രിമാര്‍ എന്ന നിലയില്‍ തങ്ങള്‍ അകലം പാലിക്കുന്നുവെന്നായിരുന്നു ആന്റണിയുടെ നിലപാട്. എന്നാല്‍ തമിഴ്‌നാടിനു വേണ്ടി നാലുമന്ത്രിമാര്‍ പരസ്യമായി രംഗത്തിറങ്ങി സേലം ഡിവിഷന്‍ നേടിയെടുത്തു. തുടര്‍ന്ന് ഇടതുപക്ഷം നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് കോച്ച് ഫാക്ടറി അനുവദിച്ചത്. റായ്ബറേലിക്ക് അനുകൂല നിലപാടെടുത്ത യു.പി.എ സര്‍ക്കാരും കേരളത്തെ അവഗണിച്ചു. കോച്ച് ഫാക്ടറിക്കായുള്ള പ്രതിഷേധത്തില്‍ യു.ഡി.എഫ് എം.പിമാരെ ഉള്‍പ്പെടുത്തിയില്ലെന്ന ആന്റണിയുടെ പ്രസ്താവന പ്രസക്തമല്ലെന്നും പി. കരുണാകരന്‍ പറഞ്ഞു.  

 

Latest News