Sorry, you need to enable JavaScript to visit this website.

ഖാർത്തൂമിൽ കുവൈത്ത് നയതന്ത്ര കാര്യാലയത്തിനു നേരെ ആക്രമണം

ഖാര്‍ത്തൂം- സൈന്യവും പാരാമിലിട്ടറി വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്ന സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ കുവൈത്ത് നയതന്ത്ര കാര്യാലയത്തിനു നേരെ ആക്രമണം. ഖാർത്തൂം കുവൈത്ത് എംബസി മിലിട്ടറി ഓഫീസ് മേധാവിയുടെ ആസ്ഥാനത്തു നേരെ ആക്രമണമുണ്ടാവുകയും ഇവിടുത്തെ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തതായി കുവൈത്ത് വിദേശ മന്ത്രാലയം പറഞ്ഞു. കുവൈത്ത് എംബസി മിലിട്ടറി ഓഫീസ് മേധാവിയുടെ ആസ്ഥാനവും സുഡാനിൽ മറ്റു നയതന്ത്ര കാര്യാലയങ്ങളും ലക്ഷ്യമിട്ടുമുണ്ടായ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായി വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും വിയന്ന കൺവെൻഷന്റെയും നഗ്നമായ ലംഘനമാണ്. നയതന്ത്ര കാര്യാലയങ്ങൾക്ക് പൂർണ സംരക്ഷണം ഒരുക്കാനും കെട്ടിടങ്ങളുടെയും വസ്തുവകകളുടെയും പവിത്രത ഉറപ്പുവരുത്താനും ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനും ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കാനും സുഡാനിലെ ബന്ധപ്പെട്ട വകുപ്പുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്നും കുവൈത്ത് വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. 
ഖാർത്തൂമിൽ കുവൈത്ത് എംബസി മിലിട്ടറി ഓഫീസ് മേധാവിയുടെ ആസ്ഥാനത്തിനു നേരെയുണ്ടായ ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി ശക്തമായ ഭാഷയിൽ അപലപിച്ചു. നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷയും പവിത്രതയും ഉറപ്പുവരുത്തുന്ന അന്താരാഷ്ട്ര കരാറുകൾ സുഡാൻ കക്ഷികൾ പാലിക്കണം. നയതന്ത്ര ഉദ്യോഗസ്ഥർക്കും നയതന്ത്ര കാര്യാലയങ്ങൾക്കും സംരക്ഷണം നൽകാൻ സുഡാനിലെ മുഴുവൻ കക്ഷികളും സത്വര നടപടികൾ സ്വീകരിക്കണമെന്നും ജി.സി.സി സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. 
കഴിഞ്ഞ ദിവസം ഖാർത്തൂം ജോർദാൻ എംബസിക്കു നേരെയും ആക്രമണമുണ്ടായിരുന്നു. ജോർദാൻ എംബസി ആക്രമണത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ അപലപിച്ചു. സുഡാനിൽ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും നയതന്ത്ര കെട്ടിടങ്ങളുടെ പവിത്രത മാനിക്കണമെന്നും നയതന്ത്ര ഉദ്യോഗസ്ഥർക്കും നയതന്ത്ര കാര്യാലയങ്ങൾക്കും സംരക്ഷണം ഒരുക്കണമെന്നും ഇതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകളും ജനീവ കൺവെൻഷനും പാലിക്കണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു. നേരത്തെ ഖാർത്തൂം സൗദി എംബസി കൾച്ചറൽ അറ്റാഷെ കെട്ടിടത്തിനു നേരെയും ആക്രമണമുണ്ടായിരുന്നു.
 

Latest News