Sorry, you need to enable JavaScript to visit this website.

കർ'നാടക'ത്തിൽ ഡി.കെ ആദ്യം മുഖ്യമന്ത്രി ആകരുത്‌; ഹൈക്കമാൻഡ് മനസ്സിലിരിപ്പ്‌ ഇങ്ങനെ

ർണാടകയിലെ മുഖ്യമന്ത്രി കസേരയെച്ചൊല്ലി മുതിർന്ന കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിലുള്ള തർക്കം തുടരവേ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ മനസ്സിലിരിപ്പ് ഇങ്ങനെ. മികച്ച ഭരണാധികാരിയെന്ന നിലയ്ക്ക് സിദ്ധരാമയ്യയും മികച്ച സംഘാടകനും ലീഡറുമെന്ന നിലയിൽ ഡി.കെ ശിവകുമാറും പാർട്ടിക്കും സർക്കാറിനും ഒരുപോലെ മുതൽക്കൂട്ടാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

 മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജനപ്രിയനുമായ സിദ്ധരാമയ്യയ്ക്കാണ് എം.എൽ.എമാരിൽ കൂടുതൽ പേരുടെയും പിന്തുണയെങ്കിലും ഇത്തരമൊരു ജയത്തിന്റെ വിജയ ശിൽപ്പികളിൽ പ്രധാനി, പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കൂടിയായ ഡി.കെ ശിവകുമാറാണെന്നതിൽ ആർക്കും തർക്കമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര അന്വേഷണ ഏജൻസികളുമെല്ലാം വട്ടമിട്ട് പറന്നിട്ടും കർണാടകയുടെ ജനവിധി കോൺഗ്രസിന്റെ കരങ്ങളിൽ ഭദ്രമായതിന്റെ മുഴുവൻ ക്രെഡിറ്റും എതിരാളികൾ പോലും ഡി.കെക്ക് ചാർത്തുന്നുണ്ട്. 
 കേന്ദ്ര-സംസ്ഥാന ഭരണകൂട സംവിധാനങ്ങളോടും ഹിന്ദുത്വ ഭീഷണികളോടും തെല്ലും കോടാതെ നിവർന്നുനിന്ന് പൊരുതുകയും പാർട്ടി പ്രവർത്തകർക്ക് സംരക്ഷണവും ആത്മവിശ്വാസവും നൽകി താഴെ തട്ടു മുതൽ സംഘടനാചക്രം ചലിപ്പിച്ച് ലക്ഷ്യത്തിലെത്തിക്കാൻ ഡി.കെക്കായി. പണത്തിന് പണവും കായികമായി നേരിടേണ്ടിടത്ത് അതിനും തയ്യാറാണെന്ന വെല്ലുവിളി സധൈര്യം ഏറ്റെടുത്ത പോരാളിയാണ് ഡി.കെ. സ്വത്ത് സമ്പാദന കേസുകളാലും മറ്റും ബി.ജെ.പി സർക്കാർ ശ്വാസംമുട്ടിക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടും അതിലൊന്നും ലവലേശം കുലുങ്ങാതെ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ, അതും സ്വന്തം മണ്ഡലത്തിൽ പ്രചാരണത്തിന് വേണ്ടത്ര കാലുകുത്താൻ പോലും സാധിക്കാതെ, കർണാടകയെ കൂടെ നിർത്താൻ അദ്ദേഹത്തിനായി. പക്ഷേ, എന്നിട്ടും അദ്ദേഹത്തിന്റെ ആദ്യ രണ്ടുവർഷം മുഖ്യമന്ത്രി ആക്കണമെന്ന മോഹത്തിന് ഹൈക്കമാൻഡ് കയ്യൊപ്പ് ചാർത്താത്തതിന് കാരണം വളരെ ലളിതമാണ്.

 ഒന്ന്, ആസന്നമായ 2024-ലെ പാർല്ലമെന്റ് തെരഞ്ഞെടുപ്പിലും കർണാടകയിൽനിന്ന് ഇത്തരമൊരു ജനവിധി ഉണ്ടാകണം. 28 ലോകസ്ഭാ സീറ്റിൽ ചുരുങ്ങിയത് 25ലെങ്കിലും കോൺഗ്രസ് വിജയക്കൊടി പാറിക്കണം. അതിന് ഡി.കെ സംഘടനാ തലപ്പത്ത് വേണം. ഒപ്പം സിദ്ധരാമയ്യ എന്ന ജനപ്രിയ നേതാവിന്റെ ഭരണനൈപുണ്യവും ക്ലീൻ ഇമേജും ഉണ്ടാവണം. അങ്ങനെ ഡി.കെയുടെ സർവ്വ സന്നാഹവും സിദ്ധരാമയ്യയുടെ പ്രതിച്ഛായയും ഇഴചേർത്ത് കർണാടകയെ കൂടെ നിർത്താമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വം സ്വപ്‌നം കാണുന്നത്. 

 രണ്ട്, ഡി.കെയെ ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി ആക്കിയാൽ ഹൈക്കമാൻഡ് ഭയക്കുന്നത് രണ്ട് കാര്യമാണ്. 
 ഒന്ന്- പാർട്ടിയിൽ ജെ.ഡി.എസിൽനിന്ന് വന്ന സിദ്ധരാമയ്യ ഭക്തർ മുറുമുറുപ്പ് തുടങ്ങും. അത് സംഘപരിവാർ അനുകൂലികൾ മുതലെടുക്കാൻ തന്ത്രം മെനയും. അത് ഭരണതലത്തിലും വരാനിരിക്കുന്ന പാർല്ലമെന്റ് തെരഞ്ഞെടുപ്പിലും കനത്ത തലവേദനയുണ്ടാക്കും. 
 രണ്ട്- ഡി.കെ ശിവകുമാർ മോഡി സർക്കാറിന്റെ കണ്ണിലെ കരടാണെന്നിരിക്കെ, മുഖ്യമന്ത്രിയായാൽ, ഡി.കെക്കെതിരേയുള്ള സാമ്പത്തിക കേസുകളെല്ലാം വീണ്ടും കുത്തിപ്പൊക്കി സർക്കാറിനെയും കോൺഗ്രസിനെയും പ്രതിരോധത്തിലാക്കാൻ കേന്ദ്ര ഇടപെടലുകളുണ്ടാവും. ഇത് കർണാടകയിൽ സർക്കാറിന്റെ  പ്രതിച്ഛായയെ ബാധിക്കും. പാർട്ടിക്ക് ഇപ്പോഴുള്ള വിജയം ആവർത്തിക്കാനത് തടസ്സവുമുണ്ടാക്കും. അതിനാൽ ആദ്യ രണ്ടുവർഷം കഴിയുമ്പോഴേക്കും ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും. മികച്ച വിജയത്തോടെ കേന്ദ്രത്തിൽ ബി.ജെ.പിയെ താഴെ ഇറക്കുന്നതോടെ കർണാടകയിലെ മറ്റു വെല്ലുവിളികളെ അതിജയിക്കാനും തുടർന്നുള്ള നാളുകളിൽ ഡി.കെക്കു തന്നെ അധികാരത്തിൽ വാഴാനും തടസ്സങ്ങളുണ്ടാവില്ലെന്നാണ് കേന്ദ്ര നേതാക്കളുടെ മനസ്സിലിരിപ്പ്. അതിനാൽ ഡി.കെയെ പിണക്കാതെയും സിദ്ധരാമയ്യയുടെ പ്രതിച്ഛായ ഉപയോഗിച്ചും 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ പരമാവധി നേട്ടമുണ്ടാക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്.
 അതിനാൽ, ആദ്യ ടേമിൽ സിദ്ധരാമയ്യയ്ക്കായി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിനിന്ന് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് വിട്ടുവീഴ്ച ചെയ്യണമെന്നാണ് പല നേതാക്കളും പറയാതെ പറയുന്നത്.

Latest News