കോഴിക്കോട് - 12 വയസ്സിന് താഴെയുള്ള പിഞ്ചുകുട്ടികളെ വീട്ടിലുപേക്ഷിച്ച് ഒളിച്ചോടിയ പ്രവസിയുടെ ഭാര്യയും കാമുകനും പിടിയിൽ. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനിയായ 27-കാരിയെയും 26-കാരനായ കാമുകനെയുമാണ് വയനാട് വൈത്തിരിയിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.
മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ മെയ് നാല് മുതൽ കാണാനില്ലെന്ന് വീട്ടുകാർ കൂരാച്ചുണ്ട് പോലീസിൽ പരാതി നൽകിയിരുന്നു. യുവതിയുടെ ഭർത്താവ് വിദേശത്താണ്. കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയതിന് യുവതിക്കെതിരെയും ഇതിനു പ്രേരിപ്പിച്ചതിന് കാമുകനെതിരെയും കേസെടുത്തതായി പോലീസ് പറഞ്ഞു. ഇരുവരെയും പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.