ബെംഗളൂരു - എ.ഐ.സി.സി നിരീക്ഷകരുടെ റിപ്പോർട്ടിന് പിന്നാലെ കർണാടക സർക്കാറിനെ നയിക്കാൻ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ വീണ്ടും നിയോഗിക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി. ഇന്നലെ ചേർന്ന പാർല്ലമെന്ററി പാർട്ടി യോഗത്തിന് പിന്നാലെ എം.എൽ.എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയുള്ള നിരീക്ഷക റിപ്പോർട്ട് ഹൈക്കമാൻഡിന് മുന്നിലെത്തി.
ഇതിൽ 85 പേർ സിദ്ധരാമയ്യ മുഖ്യമന്ത്രി ആകണമെന്ന് താൽപര്യം അറിയിച്ചപ്പോൾ 45 പേരാണ് ഡി.കെ ശിവകുമാറിനായി വാദിച്ചത്. ആറുപേർ ആരുടെയും പേര് പറയാതെ ഹൈക്കമാൻഡ് സ്വീകരിക്കുന്ന നിലപാടിനൊപ്പം എന്നറിയിക്കുകയായിരുന്നു.
ഇതോടെ മുഖ്യമന്ത്രിയായി മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയെ അധികം വൈകാതെ പ്രഖ്യാപിക്കുമെന്നാണ് ഡൽഹിയിൽനിന്നുള്ള സൂചന. ഉപ മുഖ്യമന്ത്രി സ്ഥാനവും പാർട്ടി അധ്യക്ഷ പദവിയും സുപ്രധാന വകുപ്പുകളും ഡി.കെക്ക് നൽകി അദ്ദേഹത്തെ പൂർണമായും വിശ്വാസത്തിലെടുത്ത് കൂടെ നിർത്താനാണ് ഹൈക്കമാൻഡിന്റെ ശ്രമം. ഇക്കാര്യത്തിൽ അന്തിമ ധാരണയായാൽ മറ്റു പ്രധാന നേതാക്കളുടേതടക്കമുള്ള ആവശ്യങ്ങളിൽ തീരുമാനമാക്കി കാര്യങ്ങൾ കൂടുതൽ സുഖമമാക്കാമെന്നാണ് ഐ.ഐ.സി.സി നേതൃത്വം കരുതുന്നത്.
അതിനിടെ, മുഖ്യമന്ത്രി സ്ഥാനത്തിനായി താൻ വിമത നീക്കം നടത്തില്ലെന്ന് തെരഞ്ഞെടുപ്പ് വിജയത്തിന്റെ മുഖ്യ ശിൽപ്പിയും പി.സി.സി അധ്യക്ഷനുമായ ഡി.കെ ശിവകുമാർ വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞെങ്കിൽ അദ്ദേഹത്തിന് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ കർണാടക കോൺഗ്രസ് അധ്യക്ഷനാക്കിയത് സോണിയാ ഗാന്ധിയാണ്. കർണാടകത്തിൽ അധികാരം തിരിച്ചുപിടിച്ച് തന്നെ എൽപ്പിച്ച കടമ നിറവേറ്റി. പാർട്ടിയുടെ ഏത് തീരുമാനവും താൻ അംഗീകരിക്കും. എം.എൽ.എമാരുടെ അഭിപ്രായത്തിന് എന്ത് രഹസ്യ സ്വഭാവമാണ് ഉള്ളതെന്ന് തനിക്കറിയില്ല. സംസ്ഥാനത്ത് തന്റേതായി എം.എൽ.എമാരില്ലെന്നും എല്ലാം കോൺഗ്രസിന്റെ എം.എൽ.എമാരാണെന്നും അദ്ദേഹം ആവർത്തിച്ചു. മുഖ്യമന്ത്രി തീരുമാനം ഉൾപ്പെടെ എല്ലാം ഹൈക്കമാൻഡിന് വിട്ടതായും ഡി.കെ വ്യക്തമാക്കി.