ബംഗളൂരു- ബി.ജെ.പിയെ തോൽപ്പിച്ച് കർണാടകയിൽ ഭരണത്തിലേറിയ കോൺഗ്രസിൽ ആരു മുഖ്യമന്ത്രിയാകും എന്നത് സംബന്ധിച്ച് തർക്കങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമ്മയെയും ഡി.കെ ശിവകുമാറിനെയുമാണ് കോൺഗ്രസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി ആര് എന്നത് സംബന്ധിച്ച് തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാന്റ് ദൽഹിയിൽ കൂടിയാലോചന നടത്തുകയാണ്. ഇതിനിടെ, സിദ്ധരാമയ്യക്ക് ആശംസ നേർന്ന് ഡി.കെ ശിവകുമാർ രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്ന് താൻ പിൻവാങ്ങുകയാണെന്ന് ഡി.കെ ശിവകുമാർ പരോക്ഷമായി സൂചിപ്പിച്ചു. കോൺഗ്രസ് ഇതുവരെ ഔപചാരിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, സ്ഥാനാർത്ഥിത്വത്തിനായുള്ള രണ്ട് മത്സരാർത്ഥികളിൽ ഒരാളായ സംസ്ഥാന പാർട്ടി അധ്യക്ഷൻ ഡി.കെ ശിവകുമാർ താൻ പിന്മാറുകയാണെന്ന് സൂചിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് ഡി.കെ ശിവകുമാർ ദൽഹി സന്ദർശിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചു. നേരത്തെ ദൽഹിയിലെത്തിയ സിദ്ധരാമയ്യ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കാണും. പാർട്ടി എം.എൽ.എമാരുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ കോൺഗ്രസ് നിയോഗിച്ച കേന്ദ്ര നിരീക്ഷകർ റിപ്പോർട്ട് സമർപ്പിച്ചു.
'ഞാൻ മത്സരിക്കുന്നില്ലെന്നും ബ്ലാക്ക് മെയിൽ ചെയ്യില്ലെന്നും ഞാൻ ഒരു കുട്ടിയല്ലെന്നും എനിക്ക് എന്റെ കാഴ്ച്ചപ്പാടും വിശ്വസ്തതയും ഉണ്ടെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.