ശ്രീനഗര്‍-ദക്ഷിണ കശ്മീരിലെ പുല്‍വാമയിലും ഷോപ്പിയാനിലും ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. പൂഞ്ച് ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് എന്‍ഐഎ അന്വേഷണം ഊര്‍ജിതമാക്കിയത്.
പാക്ക് കമാന്‍ഡര്‍മാരുടെയോ ഹാന്‍ഡ്‌ലര്‍മാരുടെയോ നിര്‍ദ്ദേശപ്രകാരം വ്യാജ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ നടത്തിയ തീവ്രവാദ ഫണ്ടിംഗ്, ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ടതാണ് കേസ്. മെയ് 11 ന് അബ്ദുള്‍ ഖാലിഖ് റെഗൂവിന്റെ കന്‍സിപോറയിലെ വസതിയിലും, ജാവിദ് അഹമ്മദ് ധോബി സയ്യിദ് കരീമിലും, ഷൊയ്ബ് അഹമ്മദ് ചൂര്‍ ബാരാമുള്ള ജില്ലയിലെ സാംഗ്രി കോളനിയിലും അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു.നേരത്തെ, കോടതി ഉത്തരവിനെത്തുടര്‍ന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം കശ്മീരിലെ വിവിധ സ്ഥലങ്ങളിലായി മൂന്ന് പ്രതികളുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടിയിരുന്നു.