തേനി-പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ് നാട്ടില്‍ റേഷന്‍ കട ആക്രമിച്ചു. മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തു. എന്നാല്‍ അരി എടുത്തിട്ടില്ല. രാത്രിയോട് വനത്തിലേക്ക് തിരിച്ചു പോയി.
അരിക്കൊമ്പന്‍ പെരിയാറിലേക്കു മടങ്ങാനുള്ള സാധ്യത ഇല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത് . കഴിഞ്ഞ ഒരാഴ്ചയായി തമിഴ്‌നാട് വനമേഖലയില്‍ത്തന്നെയാണ് ആന ചുറ്റിത്തിരിയുന്നത്. ആന ആരോഗ്യവാനാണ് എന്നാണ് തമിഴ്‌നാട് വനംവകുപ്പ് നല്‍കുന്ന വിവരം. ചിന്നക്കനാലിലെപ്പോലെ ഇവിടെ ആക്രമണങ്ങള്‍ നടത്തുന്നില്ല എന്നാണ് തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആനയുടെ സ്വഭാവത്തെക്കുറിച്ച് ഒരാഴ്ച കൂടി നിരീക്ഷണം നടത്തിയ ശേഷമായിരിക്കും അടുത്ത തീരുമാനം എടുക്കുക. ആന ഈ ഭാഗത്തു തുടരുന്നതിനാല്‍ മേഘമലയിലേക്ക് സഞ്ചാരികള്‍ക്കുള്ള നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.