കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ പന്ത്രണ്ട്  വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു 

ലഖ്‌നൗ-ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കമ്പ്യൂട്ടര്‍ അധ്യാപകന്‍ ദളിത് വിദ്യാര്‍ഥികളെയടക്കം 12 പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ മുഹമ്മദ് അലി, പ്രധാനാധ്യാപകന്‍ അനില്‍കുമാര്‍, അസി. അധ്യാപിക സാജിയ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഷാജഹാന്‍പൂരിലെ തില്‍ഹാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജൂനിയര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന 12ഓളം പെണ്‍കുട്ടികളെ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ മുഹമ്മദ് അലി പീഡിപ്പിച്ചതായി സര്‍ക്കിള്‍ ഓഫീസര്‍ (തില്‍ഹാര്‍) പ്രിയങ്ക് ജെയിന്‍ പിടിഐയോട് പറഞ്ഞു. തുടക്കത്തില്‍ തന്നെ ചില പെണ്‍കുട്ടികള്‍ മുഹമ്മദ് അലിയെക്കുറിച്ച് പ്രധാനാധ്യാപകന്‍ അനില്‍കുമാറിനോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു.
സജിയയ്ക്കും ഈ വിഷയത്തില്‍ പങ്കുണ്ടെന്നും പോലീസ് അറിയിച്ചു. ശനിയാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. പീഡനത്തിനിരയായ വിദ്യാര്‍ഥിനി വീട്ടുകാരെ വിവരം അറിയിച്ചതോടെ സംഭവം പോലീസിനെ അറിയിച്ചു. സംഭവത്തിന് പിന്നാലെ, വീട്ടുകാരും നാട്ടുകാരും സ്‌കൂളിലെത്തി ബഹളമുണ്ടാക്കി. മൂന്ന് പ്രതികള്‍ക്കെതിരെയും പട്ടിക ജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം, പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പ്രഥമദൃഷ്ട്യാ, കമ്പ്യൂട്ടര്‍ അധ്യാപകന്‍ തെറ്റുകാരനാണെന്ന് തോന്നുന്നുവെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Latest News