സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സ്വര്‍ണവും  പണവും തട്ടുന്ന വ്യാജ ഡോക്ടര്‍ പിടിയില്‍

കല്‍പറ്റ-ഡോക്ടര്‍ എന്ന വ്യാജേന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്‍കി സ്വര്‍ണവും പണവും തട്ടുന്ന വിരുതന്‍ പിടിയില്‍. സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ താന്നിലോട് കിഴക്കേവീട്ടില്‍ സുരേഷിനെയാണ്(45) തിരുവനന്തപുരത്ത് ഒളിവില്‍ കഴിയുന്നതിനിടെ കല്‍പറ്റ എസ്.ഐ ബിജു ആന്റണി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.കെ.നൗഫല്‍, കെ.കെ.വിപിന്‍, അനില്‍കുമാര്‍, ലിന്‍രാജ്, ലതീഷ് കുമാര്‍, സൈറാബാനു എന്നിവരങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. വയനാട് സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്. സ്ത്രീപീഡനക്കേസില്‍ സുല്‍ത്താന്‍ബത്തേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ സുരേഷ്  തിരുവല്ല പോലീസ്  രജിസ്റ്റര്‍ ചെയ്ത വഞ്ചനക്കേസിലെ പിടികിട്ടാപ്പുള്ളിയുമാണ്.
അപ്പോളോ ഹോസ്പിറ്റല്‍, അമൃത ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍ ആണെന്നു പരിചയപ്പെടുത്തിയാണ് ഇയാള്‍ ആളുകളെ കബളിപ്പിച്ചിരുന്നത്. ഡോ.സുരേഷ്‌കുമാര്‍, ഡോ.സുരേഷ്‌കിരണ്‍, ഡോ.കിരണ്‍കുമാര്‍ എന്നിങ്ങനെ വിവിധ പേരുകളിലാണ് ഇരകളെ വലയിലാക്കിയിരുന്നത്. സംയുക്തമായി ഹോസ്പിറ്റല്‍ തുടങ്ങാമെന്നു പറഞ്ഞാണ് ചില സ്ത്രീകളുടെ പണവും ആഭരണങ്ങളും കൈക്കലാക്കിയത്. സുരേഷിന്റെ പക്കല്‍നിന്നു 30,000 രൂപ, അഞ്ച്  മൊബൈല്‍ ഫോണ്‍,  ഡോക്ടര്‍ എംബ്ലം പതിച്ച  കാര്‍, രണ്ടര പവന്റെ മാല, സ്റ്റെതസ്‌കോപ്പ്, കോട്ട് എന്നിവ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

 

Latest News