അറ്റ്‌ലാന്റ- യു.എസിലെ അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ റണ്‍വെയിലൂടെ അര്‍ധ നഗ്‌നനായി ഓടുകയും ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ ചിറകിലേക്ക് ചാടിക്കയുകയും ചെയ്ത 19 കാരനെതിരെ പോലീസ് ക്രിമിനല്‍ കേസെടുത്തു. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഹര്‍ട്ട്‌സ്ഫീല്‍ഡി ജാക്‌സണ്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ 12 അടി ഉയരമുള്ള മതില്‍ ചാടിക്കടന്നാണ് ജിറിന്‍ ജോണ്‍സ് എന്ന കൗമാരക്കാരന്‍ റണ്‍വേയിലെത്തിയത്. അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്.
റണ്‍വേയിലൂടെ ഓടിയ ജോണ്‍സ് തൊട്ടു മുമ്പ് ലാന്‍ഡ് ചെയ്ത ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തിന്റെ ചിറകിലേക്ക് ചാടിക്കയറുകയും ചെയ്തു. വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ കുത്തി തുറക്കാനും ഇയാള്‍ ശ്രമിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് അഞ്ചു മിനിറ്റ് നീണ്ട ബലപ്രയോഗത്തിനൊടുവിലാണ് ജോണ്‍സണെ പിടികൂടിയത്. അലബാമ സ്വദേശിയായ ഇയാള്‍ നേരത്തെ തോക്കു കേസിലും മദ്യപിച്ച് ശല്യം ചെയ്ത കേസിലും അറസ്്റ്റിലായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് യു.എസിലെ എല്ലാ വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.