ഗാസിയാബാദ്- ഉത്തര്‍പ്രദേശിലെ ഖോഡ ജില്ലയില്‍ ബി.ജെ.പി പ്രവര്‍ത്തകയെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്ന പേരില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
എബ്രഹാം തോമസ്, ഭാര്യ റീവ, ബബിത എന്നിവരാണ് പിടിയിലായത്. പ്രാദേശിക ബി.ജെ.പി പ്രവര്‍ത്തക സുനിത അറോറയുടെ പരാതിയിലാണ് പോലീസ് നടപടി.
മലയാളിയായ തോമസിന് അയല്‍വാസിയായ ബബിതയാണ് പരിചയപ്പെടുത്തിയതെന്നും ഇയാള്‍ കല്‍വാരി ചര്‍ച്ചിലാണ് ജോലി ചെയ്യുന്നതെന്നും പരാതിയില്‍ പറയുന്നു. ഭാര്യയുടെ സഹായത്തോടെ തോമസ് മതപരിവര്‍ത്തന പരിപാടികള്‍ സംഘടിപ്പിക്കുന്നതായും അവര്‍ പരാതിപ്പെട്ടു. ബബിതയുടെ സഹായത്തോടെ തന്നെ ഒരു പാര്‍ലറില്‍ വിളിച്ചുവരുത്തിയ തോമസ് മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചു. മതപരിവര്‍ത്തന നിരോധ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.