Sorry, you need to enable JavaScript to visit this website.

തുര്‍ക്കിയില്‍ ഉര്‍ദുഗാന് ആദ്യ റൗണ്ടില്‍ മുന്നേറ്റം

അങ്കാറ- തുര്‍ക്കിയിലെ നിര്‍ണായകമായ പൊതുതെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ മുന്നേറുന്നതായി പ്രാഥമിക റിപ്പോര്‍ട്ട്. 34.4 ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ത്തപ്പോള്‍ ഉര്‍ദുഗാന്‍ 53.2 ശതമാനം വോട്ട് നേടി. എന്നാല്‍ ആദ്യഘട്ടത്തിലെ മുന്‍തൂക്കം അന്തിമ ഫലത്തില്‍ പ്രതിഫലിക്കണമെന്നില്ല.
ആദ്യ റൗണ്ടില്‍ പ്രതിപക്ഷ സഖ്യനേതാവ് കെമാല്‍ കിലിക്ദറോഗ്്‌ലു 40.9 ശതമാനം വോട്ടാണ് നേടിയത്. തുര്‍ക്കിയിലെ വടക്കു, കിഴക്കന്‍ പ്രദേശങ്ങളില്‍ ഉര്‍ദുഗാന് വന്‍ സ്വാധീനമുള്ള പ്രദേശങ്ങളിലെ വോട്ടാണ് എണ്ണിയതെന്നതിനാല്‍ ഈ ഫലത്തില്‍ അത്ഭുതപ്പെടാനില്ല. തെരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തലെന്ന് പ്രതിപക്ഷ റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടി വക്താവ് പറഞ്ഞു.
രണ്ട് പതിറ്റാണ്ടായി തുര്‍ക്കിയില്‍ അധികാരത്തിലുള്ള റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് പൊതുവെ പ്രവചിക്കപ്പെടുന്ന തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ കാലം ജനങ്ങളെ സേവിച്ച നേതാവിന്റെയും അദ്ദേഹത്തിന്റെ ഇസ്ലാമിക വേരോട്ടമുള്ള പാര്‍ട്ടിയുടെയും ഹിതപരിശോധനയായി മാറുകയാണ് വോട്ടെടുപ്പ്.
69 കാരനായ ഉര്‍ദുഗാന്‍ നേരിട്ട ഒരു ഡസനിലധികം തെരഞ്ഞെടുപ്പില്‍  ഏറ്റവും കടുപ്പമേറിയ ഇത്തവണത്തെ വോട്ടെടുപ്പ് അദ്ദേഹം തോല്‍ക്കുമെന്ന സൂചനയാണ് നല്‍കുന്നതെന്ന് നിരീക്ഷകര്‍ കരുതുന്നു.
സാമ്പത്തിക പുനരുജ്ജീവനത്തിന്റെയും യൂറോപ്പുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെയും ശ്രമങ്ങളാണ് ഉര്‍ദുഗാന്റെ ആദ്യദശകം സാക്ഷ്യം വഹിച്ചതെങ്കില്‍ രണ്ടാമത്തേത് സാമൂഹികവും രാഷ്ട്രീയവുമായ കുഴപ്പങ്ങള്‍ നിറഞ്ഞതായിരുന്നു. 2016 ല്‍ അദ്ദേഹത്തെ അട്ടിമറിക്കാന്‍ ശ്രമമുണ്ടായി. എന്നാല്‍ അതിനെ അതിജീവിച്ച ഉര്‍ദുഗാന്‍ ഉരുക്കുമുഷ്ടിയുപയോഗിച്ചാണ് ശത്രുക്കളെ നേരിട്ടത്.
ആറ് പാര്‍ട്ടികള്‍ ചേര്‍ന്ന പ്രതിപക്ഷ സഖ്യത്തിലൂടെ കെമാല്‍ കിലിക്ദറോഗ്‌ലു വലിയ വെല്ലുവിളിയാണ് ഉര്‍ദുഗാന് ഉയര്‍ത്തിയിരിക്കുന്നത്. വിശാലാടിസ്ഥാനത്തിലുള്ള സഖ്യത്തിന് രൂപം നല്‍കിയ അദ്ദേഹം  സഖ്യകക്ഷികള്‍ക്കും തുര്‍ക്കി വോട്ടര്‍മാര്‍ക്കും വ്യക്തമായ ബദല്‍ സന്ദേശമാണ് നല്‍കുന്നത്.
അധികാരത്തിലിരുന്ന കാലത്ത് തുര്‍ക്കി നേരിട്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയും 50,000ത്തിലധികം പേരുടെ ജീവനെടുത്ത ഭൂകമ്പത്തോടുള്ള ഗവണ്‍മെന്റിന്റെ തണുത്ത പ്രതികരണവുമാണ് ഈ തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന് വലിയ വെല്ലുവിളിയായത്.

 

Latest News