ബെംഗുളൂരു - കോൺഗ്രസ് ചരിത്രവിജയം നേടിയ കർണാടകയിൽ മുഖ്യമന്ത്രി ആരാകണമെന്നതിൽ നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനമായില്ല. ഇതേ തുടർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡിനോട് നിർദ്ദേശിച്ച് എം.എൽ.എമാർ പ്രമേയം പാസാക്കി യോഗം പിരിഞ്ഞു.
നിയമസഭ കക്ഷി യോഗം നടന്ന ഹോട്ടലിന് മുന്നിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള മുതിർന്ന നേതാക്കളായ സിദ്ധരാമയ്യക്കും ഡി.കെ ശിവകുമാറിനുമായി അണികൾ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. ഹൈക്കമാൻഡ് നിരീക്ഷകർ എം.എൽ.എമാരിൽനിന്ന് ഇതിനകം അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്. സിദ്ധരാമയ്യക്കാണയക്കും ശിവകുമാറിനും വേണ്ടി ശക്തമായ വാദമുഖങ്ങളാണ് എം.എൽ.എമാർ ഉയർത്തിയത്. എന്നാൽ പാർട്ടി നേതൃത്വം നിർദേശിക്കുന്ന ആർക്കു പിന്നിലും തങ്ങളുണ്ടാകുമെന്ന സൂചനയും ചില എം.എൽ.എമാർ നൽകി. എന്നാൽ ഇരു നേതാക്കളെയും പിണക്കാതെ ഇരുവിഭാഗത്തിനും സ്വീകാര്യമായ ഫോർമുലയിലൂടെ സമവായം ഉണ്ടാക്കാനാണ് കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്. വിജയത്തിന്റെ ശോഭ കെടുത്തുന്ന രീതിയിൽ ആരുടെയും ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകരുതെന്ന് നേതൃത്വം എല്ലാവർക്കും നിർദേശം നൽകിയിട്ടുണ്ട്.
പ്രതിസന്ധിക്ക് അയവുണ്ടാകുന്നില്ലെങ്കിൽ ഡി.കെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിക്കാനും സാധ്യതയുണ്ട്. അതിനിടെ, മുൻ മുഖ്യമന്ത്രിയും ബി.ജെ.പി വിട്ട് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് തോറ്റ ജഗദീഷ് ഷെട്ടറിന് പുതിയ സർക്കാറിൽ മികച്ച പരിഗണന നൽകണമെന്നും ചർച്ചയിൽ വിവിധ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി കാര്യത്തിൽ തീരുമാനമായ ശേഷം ഷെട്ടറിനെ വേണമെങ്കിൽ എം.എൽ.സി ആയി നാമനിർദ്ദേശം ചെയ്ത് മന്ത്രിസഭയിലേക്ക് പരിഗണിക്കാമെന്ന നിർദേശവും ചിലർ മുന്നോട്ടുവെച്ചതായാണ് വിവരം.