ബെംഗളൂരു / ന്യൂഡൽഹി - കർണാടകയിലെ ഉജ്വല വിജയത്തിന് പിന്നാലെ നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള കോൺഗ്രസിന്റെ പാർല്ലമെന്ററി പാർട്ടി യോഗം നടക്കുന്ന ഹോട്ടലിന് മുമ്പിൽ ചേരിതിരിഞ്ഞ് പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾ.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് രംഗത്തുള്ള പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കും കെ.പി.സി.സി പ്രസിഡന്റ് ഡി.കെ ശിവകുമാറിനും വേണ്ടിയാണ് പ്രവർത്തകർ ചേരിതിരിഞ്ഞ് കൊടികളുയർത്തി പരസ്പരം മുദ്രാവാക്യം വിളിച്ചത്.
മുഖ്യമന്ത്രി ആരാണെന്നതിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ഇരു നേതാക്കൾക്കും വേണ്ടി ശക്തമായ ആവശ്യങ്ങൾ ഉയരവേ മുഴുവൻ എം.എൽ.എമാരുടെയും ഹിതപരിശോധനയിലൂടെ ചർച്ചയിലൂടെ സമയവായമുണ്ടാക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ശ്രമം. ഇതിനായി എ.ഐ.സി.സി നേതൃത്വവും മൂന്ന് പ്രത്യേക നിരീക്ഷകരുമുൾപ്പെടെയുള്ള നേതാക്കൾ ഇരു നേതാക്കളുമായും മറ്റും ചർച്ചകൾ നടത്തിവരികയാണ്. വ്യാഴാഴ്ച പുതിയ സർക്കാർ അധികാരമേൽക്കുംവിധമാണ് ചർച്ചകൾ മുന്നോട്ടു പോകുന്നത്. അതിന് മുമ്പേ നിയമസഭാകക്ഷി നേതാവിന്റെ കാര്യത്തിൽ സമവായത്തിൽ എത്താനാണ് ശ്രമം തുടരുന്നത്. വസന്ത് നഗറിലെ ഷംഗ്രില ഹോട്ടലിൽ ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിലുള്ള എം.എൽ.എമാരുടെ യോഗം ഇപ്പോഴും തുടരുകയാണ്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ എം.എൽ.എമാരും യോഗത്തിന് എത്തിയതായാണ് വിവരം.
അതിനിടെ, കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എല്ലാവശങ്ങളും പരിശോധിച്ച ശേഷം മാത്രമായിരിക്കുമെന്നും ഒറ്റയടിക്ക് ആരോടും ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനം എടുക്കില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരാളെ മാത്രം കേന്ദ്രീകരിച്ച് പാർട്ടിക്ക് മുന്നോട്ട് പോകാനാവില്ല. എല്ലാവരേയും കേട്ട ശേഷം ഒന്നോ രണ്ടോ ദിവസത്തിനുശേഷം അനിയോജ്യമായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.