Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫുട്ബോളിലെ ബ്രസീലിയൻ സൗന്ദര്യം

ബ്രസീൽ ഇതുപോലെ കളിച്ചാൽ നിങ്ങൾ മറ്റേത് ടീമിന്റെ ആരാധകനായിരുന്നാലും  ആത്യന്തികമായി ഇഷ്ടപ്പെടുന്നത് ഫുട്‌ബോൾ കളിയെ ആണെങ്കിൽ ബ്രസീൽ ഫുട്‌ബോളിന്റെ സൗന്ദര്യം ആസ്വദിക്കേണ്ടി വരും. 2-0 എന്ന സ്‌കോർലൈനോ ആറിലൊന്ന് സമയത്തേക്ക് ആറ്റിക്കുറുക്കിയ ഹൈലൈറ്റ്‌സിനോ സൂചന പോലും നൽകാൻ പറ്റാത്തത്ര, കണ്ടുതന്നെ അറിയേണ്ട അനുഭവമായിരുന്നു ഇന്നലത്തെ ബ്രസീൽ  സെർബിയ മത്സരം. ബ്രസീൽ ജയിച്ചു എന്നതല്ല, അവർ ഈ ടൂർണമെന്റിലെ ഏറ്റവും നല്ല മത്സരം കളിച്ചു എന്നതാണ് പ്രധാനം.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബ്രസീലിന് ആധിപത്യമുണ്ടായിരുന്നെങ്കിലും സ്വന്തം വരുതിയിലുള്ള കാൽക്കുലേറ്റഡ് ഗെയിം ആയിരുന്നില്ല അവർ കളിച്ചത്. എത്ര വീരസ്യം പറഞ്ഞാലും കോസ്റ്ററിക്കക്കെതിരെ രണ്ടു ഗോളടിച്ച് ജയിച്ചത് ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെ ഇഞ്ചുറി ടൈമിൽ ആയിരുന്നല്ലോ. കോളറോവും മിത്രോവിച്ചും ല്യായിച്ചും സാവിച്ചുമൊക്കെയുള്ള സെർബിയ നിർണായക മത്സരത്തിൽ കടുത്ത പോരാട്ടം തന്നെ കാഴ്ചവെക്കുമെന്ന് കണക്കുകൂട്ടി. പക്ഷേ, രണ്ടു കാര്യങ്ങൾ യൂറോപ്യരെ ചതിച്ചു. ഒന്ന്  ഈ മത്സരം വിജയിച്ചേ പറ്റൂ എന്ന അവസ്ഥയിലായിരുന്നു അവർ എന്നത്. രണ്ട്  തീരെ പ്രതീക്ഷിക്കാത്ത വഴിയിലൂടെ ഗോൾ വഴങ്ങേണ്ടി വന്നുവെന്നത്.

4-3-3 എന്നതാണ് മൂന്നു മത്സരങ്ങളിലും ടിറ്റെ ഉപയോഗിച്ച ഫോർമേഷനെങ്കിലും ഫലത്തിൽ അത് 4-2-4 എന്ന വിചിത്രമായ ആക്രമണ സമവാക്യമാണെന്ന് ബ്രസീലിന്റെ കളി കണ്ടവർക്കെല്ലാം മനസ്സിലായിട്ടുണ്ടാകും. വില്ല്യനും ജീസസിനും നെയ്മറിനുമൊപ്പം കുട്ടിന്യോ കൂടി ചേരുന്ന അറ്റാക്കിങ് ക്വാർട്ടെറ്റ് ഇന്ന് 
ലോകഫുട്‌ബോളിൽ ലഭ്യമായ ഏറ്റവും വിനാശകാരികളാണ്. നെയ്മർ നേതൃത്വം കൊടുക്കുന്ന മുൻനിരയ്‌ക്കൊപ്പമോ ഒരുപക്ഷേ, അതിനു മുകളിലോ നിൽക്കും ഒരുചുവട് പിന്നിൽ കളിക്കുന്ന കുട്ടിന്യോ. നൃത്തവും കവിതയുമൊന്നുമൊന്നുമല്ല പ്രായോഗികതയാണ് അയാളുടെ മേൽവിലാസം. കുട്ടിന്യോയുടെ കളി മനോഹരമല്ല എന്ന് അർത്ഥമാക്കേണ്ടതില്ല. പക്ഷേ, ബ്രസീൽ ടീമിലെ പ്രധാനി  മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി  നെയ്മറിന്റെ സെലിബ്രിറ്റി സ്റ്റാറ്റസിന്റെ നിഴലിൽ ഒളിച്ചിരിക്കുന്ന കുട്ടിന്യോ ആണെന്ന് ഞാൻ പറയും. കുട്ടിന്യോക്ക് ആ റോളെടുക്കാൻ പാകത്തിൽ കാസമിറോ  പൗളിഞ്ഞോ / ഫെർണാണ്ടിഞ്ഞോ സഖ്യം മിഡ്ഫീൽഡ് നിയന്ത്രിക്കും.

എന്തു വില നൽകേണ്ടി വന്നാലും മൂന്നു പോയിന്റാണ് ലക്ഷ്യമെന്ന് സെർബിയ തുടക്കംമുതൽക്കേ വ്യക്തമാക്കിയിരുന്നതിനാൽ കളി വെറുതെ കണ്ടിരിക്കാൻ തന്നെ രസമുണ്ടായിരുന്നു. എന്നാൽ, ജർമനിയെ പോലെ പ്രതിരോധം തുറന്നിട്ടുകൊണ്ടുള്ള കളിയായിരുന്നില്ല സെർബിയയുടേത്. 4-2-3-1 ൽ പ്രതിരോധത്തിനും ആക്രമണത്തിനും തുല്യപ്രാധാന്യമാണ് കോച്ച് ക്രിസ്താവിച്ച് നൽകിയിരുന്നത്. സ്വന്തം ബോക്‌സിൽ നിന്ന് എതിർ ഗോൾമുഖത്തേക്ക് അവർ പന്തെത്തിച്ച വേഗതയിൽ നിന്ന് അത് വ്യക്തമാവും. ഉയരംകുറഞ്ഞ ബ്രസീൽ ഫുൾബാക്കുകളെ പരീക്ഷിക്കുന്നതിനായി ഡീപ്പിൽ നിന്ന് തൊടുക്കുന്ന ക്രോസുകളായിരുന്നു അവരുടെ പ്രധാന ആയുധം. പക്ഷേ അവർക്കു കൂടുതൽ സമയം പ്രതിരോധിക്കേണ്ടി വന്നത്, എതിരാളി ബ്രസീൽ ആയതുകൊണ്ടു മാത്രമാണ്.

ബ്രസീൽ തലങ്ങലും വിലങ്ങും ആക്രമിക്കുന്നു, സെർബിയ പ്രതിരോധിക്കുന്നു, അവസരം കിട്ടുമ്പോഴൊക്കെ മടിച്ചുനിൽക്കാതെ അവരും പന്തുമായി മുന്നേറുന്നു എന്നതായിരുന്നു തുടക്കം മുതൽക്കുള്ള സ്ഥിതി. പാസുകൾക്കും അതിവേഗ നീക്കങ്ങൾക്കുമൊപ്പം കളിക്കാരുടെ ഫുട്ട്‌വർക്കും ബ്രസീലിന് വ്യക്തമായ മേൽക്കൈ നൽകി. നെയ്മർ സ്വാതന്ത്ര്യത്തോടെ കളിച്ചെങ്കിലും കുട്ടിന്യോ തന്നെയായിരുന്നു കളിയുടെ കാരണവർ. ഇടതുഭാഗത്തുനിന്ന് മധ്യത്തിലേക്ക് നീങ്ങാനും ഇരുവശങ്ങളിലേക്കും പന്ത് നൽകാനും തരംകിട്ടുമ്പോഴൊക്കെ ആക്രമണ ഭീഷണി മുഴക്കാനും കുട്ടിന്യോക്കായി. തുറന്ന അവസരങ്ങൾ ജീസസ് പാഴാക്കിയപ്പോൾ വില്ല്യന്റെ ചുമതല, ഗോളടിക്കുക എന്നതിനേക്കാൾ പന്ത് മുന്നിലേക്ക് നൽകുക എന്നതാണെന്നു തോന്നി. ഏതായാലും അര മണിക്കൂർ വരെ സെർബിയൻ പ്രതിരോധം കുറ്റമറ്റ രീതിയിൽ പ്രതിരോധിച്ചു. ബോക്‌സിനകത്ത് 'മുട്ടായി ഉണ്ടാക്കാൻ' അവർ അനുവാദം നൽകിയതേയില്ല. ഒരു ത്രൂപാസിലൂടെയോ വൺ ടു വൺ മൂവിലൂടെയോ ആയിരിക്കും ബ്രസീലിന്റെ ഗോൾ വരിക എന്ന് തോന്നിച്ച നിമിഷങ്ങൾ. മറുവശത്ത് മിത്രോവിച്ച് മികച്ചൊരവസരം പാഴാക്കുകയും ചെയ്തു.

ആദ്യപകുതിയുടെ രണ്ടാം അർധമായപ്പോഴേക്കും ബ്രസീലിന്റെ കളിക്ക് വേഗത ഒരൽപം കുറഞ്ഞതായി തോന്നി. സെർബിയ ആകട്ടെ, അതുവരെ സമർത്ഥമായി വഴിയടച്ചതിന്റ ആത്മവിശ്വാസത്തിലുമായിരുന്നു. എന്നാൽ കൃത്യസമയത്തു തന്നെ ശൂന്യതയിൽ നിന്നെന്ന പോലെ ഗോൾ വന്നു. ഏകദേശം മധ്യഭാഗത്തു നിന്ന് കുട്ടിന്യോ പന്ത് ഉയർത്തിവിടുമ്പോൾ ഒമ്പത് സെർബിയൻ കളിക്കാർ അയാൾക്കു മുന്നിലുണ്ടായിരുന്നു. പക്ഷേ, ഏറെക്കുറെ സ്വതന്ത്രനായി ഓടിക്കയറിയ പൗളിഞ്ഞോക്ക് പന്ത് കിട്ടാൻ പാകത്തിൽ കൃത്യമായിരുന്നു ആ ഡെലിവറി. അതുവരെ മുന്നോട്ടുകയറിയ ഗോൾകീപ്പർ പന്ത് കുത്തിയകറ്റുമെന്ന പ്രതീക്ഷയിലാവണം മൂന്നു പേരുണ്ടായിട്ടും സെർബിയൻ പ്രതിരോധം പൗളിഞ്ഞോയെ വെറുതെവിട്ടത്. പക്ഷേ, മുന്നോട്ട് സ്‌ട്രെച്ച് ചെയ്ത ഗോൾകീപ്പറുടെ കൈയിൽ പന്ത് തട്ടുന്നതിന്റെ തൊട്ടുമുന്നത്തെ അർധ നിമിഷത്തിൽ പന്തിന്മേൽ സ്പർശിക്കാൻ പൗളിഞ്ഞോക്ക് കഴിഞ്ഞു. നഗ്‌നപാദനായിരുന്നെങ്കിൽ വിരൽത്തുമ്പാകണം പന്തിൽ കൊള്ളേണ്ടിയിരുന്നത്. പക്ഷേ, അത് ധാരാളമായിരുന്നു. നിസ്സഹായരായി നിൽക്കുന്ന സെർബ് കളിക്കാരെ പരിഹസിച്ചെന്ന പോലെ പന്ത് വലയിലെത്തി.

ഗോളടിച്ചതിനു ശേഷം ബ്രസീൽ എന്തുചെയ്യുന്നു എന്നറിയാനായിരുന്നു എനിക്ക് കൗതുകം. സ്വിറ്റ്‌സർലാന്റിനെതിരെ പുലർത്തിയ ആലസ്യത്തിന് അവർ വലിയ വിലനൽകേണ്ടി വന്നതാണ്. പക്ഷേ, ഇത്തവണ ബ്രസീൽ ആ തെറ്റ് തിരുത്തിയതായി തോന്നി. ആക്രമണം നിർത്താനോ പന്തിന്മേലുള്ള ആധിപത്യം ഉപേക്ഷിക്കാനോ അവർ തയ്യാറായില്ല. ആദ്യപകുതിയുടെ അവസാനം വരെ മഞ്ഞപ്പട ഭീഷണിയുയർത്തി.

ഇടവേളക്കു ശേഷമിറങ്ങിയ സെർബിയ മറ്റൊരു ടീമായിരുന്നു. തുടരെത്തുടരെ ആക്രമണങ്ങൾ നയിച്ച അവർ ബ്രസീലിന്റെ പിൻനിരയിൽ പരിഭ്രാന്തി പരത്തി. മിറാൻഡ അക്രോബാറ്റിക് സ്‌കില്ലിലൂടെ അടിച്ചൊഴിവാക്കിയ ഫ്രീകിക്കിലും ഗോൾകീപ്പർ വീണുകിടക്കെ മിത്രോവിച്ച് തൊടുത്ത ഹെഡ്ഡറിലും ഗോൾവീഴാതെ ബ്രസീൽ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രമാണ്. എന്നാൽ, കളിയുടെ ഗതിക്കു വിപരീതമായി ഗോൾനേടാൻ ബ്രസീലിനായതോടെ സെർബിയയുടെ കഥ കഴിഞ്ഞു. നെയ്മർ തൊടുത്ത ഫ്രീകിക്ക് വലയിലേക്ക് ഹെഡ്ഡ് ചെയ്യാൻ പാകത്തിൽ സെർബിയൻ ബോക്‌സിൽ സ്‌പേസ് ഉണ്ടാക്കിയ മിറാൻഡക്കു കൂടി ആ ഗോളിൽ പങ്കുണ്ട്. താൻ നിലത്തുവീഴുന്നതിനൊപ്പം എതിർതാരത്തെ കൂടി മിറാൻഡ വീഴ്ത്തി. അതേസമയം, നിയർ പോസ്റ്റിൽ സിൽവക്ക് ചാടാനും ഹെഡ്ഡർ തൊടുക്കാനുമുള്ള അവസരം നൽകിയ ഡിഫൻസും ഇതിൽ പ്രതിയാണ്. നിലത്തുവീണയാൾ പോരാതെ മൂന്നുപേരാണ് ഈസമയത്ത് ആ പ്രദേശത്തുണ്ടായിരുന്നത്. എന്നിട്ടും സിൽവക്ക് യാതൊരു വെല്ലുവിളിയും നേരിടേണ്ടി വന്നില്ല.

കുഷ്യൻ കിട്ടിയതോടെ കളിയെ കൊന്നുകളയുക എന്നതായിരുന്നു ബ്രസീൽ തന്ത്രം. എതിരാളിക്ക് പന്തു നൽകാതെ വൺടച്ചുമായി അവർ മൈതാനം ചുറ്റിയപ്പോൾ കളി വിരസമായി. ആ വിരസത ടിറ്റെയുടെ കണക്കുപുസ്തകത്തിൽ ഉള്ളതു തന്നെയായിരുന്നു. പന്തു കിട്ടാതെ എന്തു ഫുട്‌ബോൾ കളിക്കാൻ; സെർബിയക്കാർ മാനസികമായും ശാരീരികമായും തളർന്നുകഴിഞ്ഞിരുന്നു. ഇടക്കിടെ ലോങ് ബോളുകളുമായി മഞ്ഞപ്പട ആക്രമണം നടത്തുക കൂടി ചെയ്തതോടെ ജയിക്കാനല്ല ഇനി ഗോൾവഴങ്ങാതിരിക്കുക എന്ന ഗതികേടിലേക്ക് സെർബിയ സ്വയം പരുവപ്പെട്ടു. അവസാന ഘട്ടങ്ങളിൽ ഗോളടിക്കാൻ വേണ്ടി നെയ്മർ അനാവശ്യമായ ഡ്രിബ്ലിങുകൾക്ക് മുതിർന്നില്ലായിരുന്നെങ്കിൽ വിജയമാർജിൻ ഉയർന്നേനെ.

ടിറ്റെയുടെ ആക്രമാത്മക തന്ത്രങ്ങളുടെ വിജയമാണ് ബ്രസീലിന്റേത്. കളിക്കാരുടെ ശൈലിക്കും സ്‌കിൽസിനും അനുസൃതമായിക്കൂടിയാണ് ടിറ്റെ തന്ത്രങ്ങൾ ഒരുക്കുന്നത്. ആവശ്യസമയത്ത് കളിയുടെ വേഗം കൂട്ടാനും കുറക്കാനും പൊസിഷനുകൾ മാറി എതിരാളികളെ സമ്മർദത്തിലാക്കാനും ഇതുകൊണ്ട് കഴിയുന്നു. ഒരേരീതിയിൽ തൊണ്ണൂറു മിനുട്ടും കളിച്ച ജർമനി തോറ്റിടത്താണ് ആക്രമണത്തിൽ വൈവിധ്യം പുലർത്തുന്ന ബ്രസീൽ വ്യത്യാസമുണ്ടാക്കുന്നത് എന്നകാര്യം ശ്രദ്ധിക്കുക. അതേസമയം, ടിറ്റെയുടെ ഭാഗ്യം എല്ലാ പൊസിഷനുകളിലേക്കും ചേരുന്ന ലോകോത്തര കളിക്കാർ ലഭ്യമാണെന്നതാണ്; മാഴ്‌സലോ കയറിയ ശേഷം അവിടെ വന്ന ഫിലിപ് ലൂയിസ് കളിച്ചതും നെയ്മറുമായും കുട്ടിന്യോയുമായും അയാൾ ലിങ്ക് ചെയ്തതും ഓർക്കുക. അർജന്റീനയുടെ പ്രതിസസന്ധി, അവർക്ക് ഉള്ള കളിക്കാരെ വെച്ച് പൊസിഷനുകൾ നിറക്കേണ്ടി വരുന്നു എന്നതാണ്.

രണ്ടുകാര്യങ്ങൾ കൂടി പറയട്ടെ; ഒന്ന്  ഇന്നലത്തെ മത്സരത്തിൽ സെർബിയക്ക് ജയം അനിവാര്യമായതു കൊണ്ടാണ് ബ്രസീലിന് തങ്ങളുടെ ശൈലി വിജയകരമായി പരീക്ഷിക്കാനുള്ള സ്‌പേസ് ലഭിച്ചത്. എതിരാളികൾ അൾട്രാ ഡിഫൻസീവ് ആയി കളിക്കുകയോ ഒരു ഗോൾ നേരത്തെ വഴങ്ങുകയോ ചെയ്യുന്ന അവസരങ്ങളിൽ ബ്രസീൽ എങ്ങനെയാവും കളിക്കുക എന്നറിയാൻ കൗതുകമുണ്ട്. ഈ ലോകകപ്പിൽ തന്നെ അവസരമുണ്ടാകട്ടെ എന്നാശിക്കുന്നു. 
രണ്ട്  നെയ്മറിനെപ്പറ്റിയാണ്. ബ്രസീലിന്റെ ഈ ശൈലിയിൽ അയാൾ ഒരു ബാധ്യതയാണ്. ടീമിന്റെ അതിവേഗ നീക്കങ്ങൾ അയാളുടെ കാലുകളിലെത്തുമ്പോൾ മന്ദഗതിയിലാകുന്നുണ്ട്. ഒരേ വേഗത്തിൽ ഓടിക്കയറിയ സഹതാരങ്ങളെ നിരാശരാക്കുന്ന രീതിയാണത്. അനുകൂല സാഹചര്യങ്ങളിൽ അതുകൊണ്ട് വലിയ കുഴപ്പമില്ലായിരിക്കാം. സ്‌കിൽസും ഡ്രിബിൾസും അപ്രതീക്ഷിത പാസുകളുമൊക്കെയായി അയാൾ എതിരാളികളെ വിഷമിപ്പിക്കുന്നുണ്ട് എന്നതും ശരിയാണ്. പക്ഷേ, ആ പൊസിഷനിൽ കുട്ടിന്യോയുമായി കുറച്ചുകൂടി വേഗതയിൽ ലിങ്ക് ചെയ്യുന്ന ഒരു യൂട്ടിലിറ്റി പ്ലേയർ ആയിരുന്നെങ്കിൽ എതിർഗോൾമുഖത്ത് ഭീഷണിയൊഴിഞ്ഞ നേരമുണ്ടാകില്ല.
 

Latest News