Sorry, you need to enable JavaScript to visit this website.

ഹിജാബും ഹലാലും ഏശിയില്ല, ഹനുമാന്‍ വിവാദവും ഏറ്റില്ല... ഹിന്ദുത്വ മുദ്രാവാക്യങ്ങളോട് മുഖം തിരിഞ്ഞ് വോട്ടര്‍മാര്‍

ബംഗളൂരു- കര്‍ണാടകയിലെ ഭരണകാലത്ത് ബി.ജെ.പി ഉയര്‍ത്തിയ വലിയ ഹിന്ദുത്വ പ്രശ്‌നങ്ങള്‍, ബജ്‌റംഗ്ദളിനെതിരെ നടപടിയെടുക്കുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനമടക്കം, കര്‍ണാടകയിലെ വോട്ടര്‍മാരില്‍ പ്രതിധ്വനിച്ചില്ല. പാര്‍ട്ടി പ്രബല ശക്തിയായി തുടരുന്ന തീരദേശ മേഖല മാത്രമാണ് അപവാദം.

പ്രചാരണ വേളയില്‍, ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നുവന്ന ഹിജാബ്, ഹലാല്‍ മാംസ നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി ആദ്യം ശ്രദ്ധാലുവായിരുന്നു. പിന്നീട്, പാര്‍ട്ടിക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടാണെന്ന് തോന്നിയപ്പോള്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും ബജ്‌റംഗ്ദളിനെയും സമാനമായി കണ്ട് സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന സംഘടനകളെ അടിച്ചമര്‍ത്തുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രിക വാഗ്ദാനത്തില്‍ കയറി പിടിച്ചു.

ഹനുമാനെ തടവിലാക്കുന്നുവെന്ന് പറഞ്ഞു കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലായിരുന്നു ബി.ജെ.പിയുടെ വര്‍ഗീയ പ്രതികരണം. അതിനുശേഷം, പാര്‍ട്ടി കൂടുതല്‍ പിച്ച് ഉയര്‍ത്തി, വോട്ടുചെയ്യാന്‍ പോകുമ്പോള്‍ 'ജയ് ബജ്രംഗ് ബലി' എന്ന് വിളിക്കാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടു.

എന്നാല്‍, 2022 ന്റെ തുടക്കത്തില്‍ ഹിജാബ് വിഷയം ഉയര്‍ന്ന ഉഡുപ്പി മാത്രമാണ്  അഞ്ച് സീറ്റുകളിലും ബിജെപി വിജയിച്ച ഏക ജില്ല. പ്രീയൂണിവേഴ്‌സിറ്റി കോളേജുകളില്‍ ഹിജാബ് നിരോധിക്കണമെന്ന പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഗോസംരക്ഷണ പ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായ യശ്പാല്‍ സുവര്‍ണ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രസാദ് രാജ് കാഞ്ചനെതിരെ 32,000 വോട്ടുകള്‍ക്ക് വിജയിച്ചു.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രംഗത്തിറക്കിയ പുതുമുഖങ്ങളില്‍ ഒരാളായിരുന്നു സുവര്‍ണ. സീറ്റ് ഒഴിയാന്‍ മനസ്സില്ലാമനസ്സോടെ സമ്മതിച്ച സിറ്റിംഗ് എം.എല്‍.എ കെ. രഘുപതി ഭട്ടിനെ മാറ്റിയാണ്  സുവര്‍ണയെ നിര്‍ത്തിയത്.
ദക്ഷിണ കന്നഡ ജില്ലയിലെ എട്ടില്‍ ആറിലും ബി.ജെ.പി വിജയിച്ചു. എന്നാല്‍ ഇത് 2018ല്‍ നേടിയതിനേക്കാള്‍ ഒരെണ്ണം കുറവാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അശോക് റായി വിജയിച്ച പുത്തൂരില്‍ ബി.ജെ.പിയുടെ തോല്‍വി ഒരു വിമത സ്ഥാനാര്‍ഥിയായ കടുത്ത ഹിന്ദുത്വ വക്താവിന്റെ ബലത്തിലാണ്. രണ്ടാം സ്ഥാനത്തെത്തിയ അരുണ്‍ കുമാര്‍ പുത്തില. പുത്തൂരില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രചാരണത്തിനായി അണിനിരത്തിയിരുന്നു.

2018 ല്‍ കോണ്‍ഗ്രസ് വിജയിച്ച ദക്ഷിണ കന്നഡയിലെ ഏക സീറ്റായ മംഗലാപുരം മണ്ഡലം യു.ടി ഖാദര്‍ നിലനിര്‍ത്തി. 22,977 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുന്‍ മന്ത്രി തുടര്‍ച്ചയായ അഞ്ചാം വിജയം നേടിയത്.

ഹിന്ദുത്വ അടിത്തറയുള്ള കുടക് ജില്ലയില്‍ ബജ്‌റംഗ്ദള്‍ പ്രശ്‌നം അല്‍പ്പം സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാലും, ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ശക്തികേന്ദ്രങ്ങളായി കണക്കാക്കുന്ന ജില്ലയിലെ രണ്ട് സീറ്റുകളും അവര്‍ക്ക് നഷ്ടപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ എ.എസ് പൊന്നണ്ണയും മന്തര്‍ ഗൗഡയും ബി.ജെ.പി സിറ്റിംഗ് എം.എല്‍.എമാരായ കെ.ജി ബൊപ്പയ്യയെയും അപ്പച്ചു രഞ്ജനെയും പരാജയപ്പെടുത്തി. 2013-2018 കാലത്തെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍, ടിപ്പു ജയന്തി ആഘോഷിക്കാനുള്ള പദ്ധതികളെച്ചൊല്ലി കുടകില്‍ അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.

മാണ്ഡ്യയില്‍ ഒരു നിയമസഭാ സീറ്റ് കൈവശം വച്ചിരുന്ന ബി.ജെ.പിക്ക് (അതിന്റെ സിറ്റിംഗ് എംഎല്‍എ മന്ത്രി കെ സി നാരായണ്‍ ഗൗഡ) അതും നഷ്ടപ്പെട്ടു. വൊക്കലിഗ ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തി.

വൊക്കലിഗ നേതാവിന്റെ കോട്ടയായി കണക്കാക്കപ്പെടുന്ന ചിക്കമംഗളൂരു നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എച്ച്.ഡി തിമ്മയ്യയോട് പരാജയപ്പെട്ട ബി.ജെ.പി ജനറല്‍ സെക്രട്ടറി സി.ടി രവി, ആക്രമണാത്മക ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ കടുത്ത വക്താവാണ്. 2004 മുതല്‍ നാല് തവണ ബി.ജെ.പി ഇവിടെ വിജയിച്ചിരുന്നു. മറ്റൊരു വിവാദ ഹിന്ദുത്വ സൈദ്ധാന്തികന്‍ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാല്‍ വിജയപൂര്‍ മണ്ഡലത്തില്‍ വിജയിച്ചു.

 

Latest News