Sorry, you need to enable JavaScript to visit this website.

വാശിയേറിയ തെരഞ്ഞെടുപ്പിൽ ഖത്തർ കെ.എം.സി.സിക്ക് പുതിയ നേതൃത്വം

ദോഹ- ഗൾഫിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ കെ.എം.സി.സിയുടെ ഖത്തർ സംസ്ഥാന സമിതിക്ക് പുതിയ നേതൃത്വം. വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവിൽ മുതിർന്ന പല നേതാക്കളെയും പരാജയപ്പെടുത്തിയാണ് പുതിയ കമ്മിറ്റി ഉജ്വല വിജയം നേടിയത്. 
പ്രസിഡന്റായി ഡോ.അബ്ദുസ്സമദ് (കോഴിക്കോട്), ജനറൽ സെക്രട്ടറിയായി സലീം നാലകത്ത് (മലപ്പുറം), ട്രഷററായി പി.എസ്.എം ഹുസൈൻ (തൃശൂർ) എന്നിവർ വോട്ടെടുപ്പിലൂടെ വിജയം നേടി. 
മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം റിട്ടേണിംഗ് ഓഫീസറായിരുന്നു. വാശിയേറിയ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥികളായി മത്സരിച്ച എസ്.എ.എം ബഷീർ (കാസർകോട്), ബഷീർ ഖാൻ (കോഴിക്കോട്), അബ്ദുറഷീദ് (മലപ്പുറം) എന്നിവരാണ് പരാജയപ്പെട്ടത്. 
സഹഭാരവാഹികളെ പിന്നീട് തീരുമാനിക്കും. മറ്റു ഭാരവാഹികളുടെ പേരു വിവരങ്ങൾ തെരഞ്ഞെടുക്കപ്പെട്ട മുഖ്യ ഭാരവാഹികൾ ജില്ലാ ഘടകങ്ങളുമായി ആലോചിച്ച് സംസ്ഥാന മുസ് ലിം ലീഗ് കമ്മിറ്റിക്ക് കൈമാറിയ ശേഷം പാർട്ടി പരിശോധിച്ച് അനുമതി നൽകുമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. ഡോ.അബ്ദുസ്സമദ് 205 വോട്ട് നേടിയാണ് മുതിർന്ന നേതാവ് എസ്.എ.എം ബഷീറിനെ തോൽപിച്ചത്. 107 വോട്ട് മാത്രമാണ് ബഷീറിന് ലഭിച്ചത്. 3 വോട്ട് അസാധുവായി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സലീം നാലകത്ത് 210 വോട്ട് നേടി കരുത്തു കാട്ടി. 
ബഷീർ ഖാന് 102 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2 വോട്ട് അസാധുവായി. പി.എസ്.എം ഹുസൈൻ 195 വോട്ട് നേടിയപ്പോൾ അബ്ദുറഷീദിന്റെ വോട്ട് 115 ആയി ചുരുങ്ങി. 4 വോട്ട് അസാധു നേടി. 
കോഴിക്കോട് കുറ്റിയാടി വേളം സ്വദേശിയായ ഡോ.സമദ് വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതു രംഗത്തെത്തിയത്. ഫാറൂഖ് കോളേജിൽ യൂനിയൻ സെക്രട്ടറിയായും എം.എസ്.എഫ് ഫാറൂഖാബാദ് യൂനിറ്റ് പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹം സൗദിയിൽ 11 വർഷത്തോളം കെ.എം.സി.സി ഹജ് വളണ്ടിയറായി മെഡിക്കൽ സേവനം നടത്തി. 
ഖത്തർ കെ.എം.സി.സി ഹെൽത്ത് വിംഗ് ചെയർമാൻ, മിഡിൽ ഈസ്റ്റ് ചന്ദ്രിക ഖത്തർ ഗവേണിംഗ് ബോർഡ് വൈസ് ചെയർമാൻ എന്നീ പദവികൾ വഹിക്കുന്നു. നേരത്തെ ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. പെരിന്തൽമണ്ണ, താഴെക്കോട് സ്വദേശിയായ സലീം നാലകത്ത് പ്രഭാഷകനും എഴുത്തുകാരനുമാണ്. 
എം.എസ്.എഫ് മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് യൂനിറ്റ് സെക്രട്ടറി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയൻ കൗൺസിലർ, എം.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതിയംഗം, യൂത്ത് ലീഗ് പെരിന്തൽമണ്ണ മണ്ഡലം സെക്രട്ടറി എന്നിങ്ങനെ വിവിധ പദവികളിൽ പ്രവർത്തിച്ചിരുന്നു. ഖത്തർ കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റിയുടെ പ്രഥമ ജനറൽ സെക്രട്ടറി, ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. ക്വാറന്റീൻ (കവിതാ സമാഹാരം), ആന്ദ്രേയാൽ മാൽക്കം (ചെറുകഥ), സുഗന്ധക്കുപ്പികൾ (കഥാ സമാഹാരം) എന്നീ 3 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
തൃശൂർ വാടാനപ്പള്ളി സ്വദേശിയായ പി.എസ്.എം ഹുസൈൻ തൃശൂർ ജില്ലാ എം.എസ്.എഫ് പ്രസിഡന്റ്, എം.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതിയംഗം, വാടാനപ്പള്ളി പഞ്ചായത്ത് യൂത്ത്‌ലീഗ് അധ്യക്ഷൻ, നാട്ടിക മണ്ഡലം സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. ഖത്തർ കെ.എം.സി.സി നാട്ടിക മണ്ഡലം സെക്രട്ടറി, പ്രസിഡന്റ്, ഖത്തർ കെ.എം.സി.സി തൃശൂർ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, ഖത്തർ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിരുന്നു. 
'നവ നേതൃത്വം, പുതുയുഗം' എന്ന സന്ദേശവുമായി പ്രകടന പത്രിക പുറത്തിറക്കിയാണ് ഡോ.അബ്ദുസ്സമദും സംഘവും തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആധുനിക സംവിധാനത്തോടെ ആസ്ഥാന മന്ദിരം, ഇന്റർനാഷണൽ സ്‌കൂൾ, അംഗങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന സ്‌നേഹ സുരക്ഷാ പദ്ധതി, സമഗ്ര പ്രവാസി പെൻഷൻ പദ്ധതി, സമഗ്ര ആരോഗ്യ സുരക്ഷാ സ്‌കീം, സമ്പൂർണ ഡാറ്റാ ബാങ്ക്, തൊഴിൽ ദാതാക്കളെയും അന്വേഷകരെയും ബന്ധിപ്പിക്കുന്ന ജോബ് സെൽ, വളന്റിയർമാരുടെ സോഷ്യൽ ഗാർഡ്, രാഷ്ട്രീയ ബോധവൽക്കരണ പദ്ധതിയായ ഹിസ്റ്ററി ക്ലബ് തുടങ്ങിയ നിരവധി വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ചിരുന്നു. 
ദോഹ ഗൾഫ് പാരഡൈസ് ഹോട്ടലിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ 315 അംഗങ്ങൾ പങ്കെടുത്തു. എസ്.എ.എം ബഷീറിന്റെ അധ്യക്ഷതയിൽ അസീസ് നരിക്കുനി സ്വാഗതം പറഞ്ഞു. മുനീർ ഹുദവി പ്രാർഥന നിർവഹിച്ചു. റയീസ് വയനാട് റിപ്പോർട്ട് അവതരിപ്പിച്ചു. കീഴ്ഘടകങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 360 സംസ്ഥാന കൗൺസിലർമാരാണുള്ളത്. 
 

Latest News