Sorry, you need to enable JavaScript to visit this website.

യു.ജി.സി പിരിച്ചുവിടുന്നു, പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍

വിദ്യാഭ്യാസ നിലവാരമോ അധ്യാപകരുടെ നിലവാരമോ ഉയര്‍ത്താന്‍ യു.ജി.സിക്ക് കഴിഞ്ഞില്ലെന്ന് ആരോപണം, പുതിയ ബില്‍ വര്‍ഷകാല സമ്മേളനത്തില്‍
 
ന്യൂദല്‍ഹി- ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയന്ത്രണ സമിതിയായ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യുജിസി) പൂര്‍ണമായി റദ്ദ് ചെയ്ത് ഹയര്‍ എജ്യുക്കേഷന്‍ കമ്മീഷനുമായി (എച്ച്.ഇ.സി.ഐ) കേന്ദ്ര സര്‍ക്കാര്‍. 1956 ലെ യു.ജി.സി നിയമം റദ്ദ് ചെയ്ത് എച്ച്.ഇ.സി.ഐ രൂപീകരിക്കാനാണ് നീക്കം. ഹയര്‍ എജ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നിയമം 2018 (യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ നിയമം റദ്ദാക്കിക്കൊണ്ടുള്ള) എന്നായിരിക്കും പുതിയ നിയമത്തിന്റെ പേര്. ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണ അധികാരങ്ങള്‍ നല്‍കുന്നതാണ് കരട് നിയമത്തിലെ വ്യവസ്ഥകള്‍. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് വിതരണം കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാകും.
യു.ജി.സിയെ അട്ടിമറിച്ചു കൊണ്ടുള്ള കരടു നിയമം കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം രൂപീകരിച്ചു കഴിഞ്ഞു. കരടു നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഹയര്‍ എജ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അക്കാദമിക കാര്യങ്ങളില്‍ മാത്രമേ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും നടത്തൂ. ഗ്രാന്റുകളും മറ്റും നിശ്ചയിക്കുന്നതു മാനവ വിഭവശേഷി മന്ത്രാലയം നേരിട്ടായിരിക്കും. കരട് നിയമത്തില്‍ ജൂലൈ ഏഴ് അഞ്ചു മണി വരെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കണമെന്ന് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ വിദ്യാഭ്യാസ വിദഗ്ധരോടും പൊതുജനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ നിയമം അവതരിപ്പിക്കും.
നിലവിലെ യു.ജി.സിക്ക് ഗ്രാന്റുകളുടെയും മറ്റും ചുമതല ഉള്ളത് കൊണ്ട് വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം വിലയിരുത്താന്‍ കഴിയുന്നില്ലെന്നും സ്ഥാപനങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നുമാണ് വിശദീകരണം. അധ്യാപന രംഗത്തെ ഗുണനിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞില്ലെന്നും യു.ജി.സിയെ കുറ്റപ്പെടുത്തുന്നു. നേരത്തേ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍, നാഷണല്‍ കൗണ്‍സില്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ്, യു.ജി.സി എന്നിവയെ ഏകോപിപ്പിച്ച് ഒറ്റ സമിതിയുടെ നിയന്ത്രണത്തിലാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു.
വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് പൂര്‍ണ അധികാരം കമ്മീഷന് നല്‍കുന്നതാണ് പുതിയ ബില്ലെന്നാണ്് കരടില്‍ വിശദീകരിക്കുന്നത്. വ്യാജ സ്ഥാപനങ്ങളും മോശം നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു പൂട്ടാന്‍ കമ്മീഷന് അധികാരമുണ്ടായിരിക്കും. നിലവില്‍ വ്യാജ സ്ഥാപനങ്ങളുടെ ലിസ്റ്റ് യു.ജി.സി പൊതുജന ശ്രദ്ധക്കായി തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു എങ്കിലും നടപടി എടുക്കാന്‍ കഴിയുമായിരുന്നില്ല.
 

Latest News