ബെംഗളുരു - കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തിളക്കമാർന്ന വിജയത്തിനിടയിലും പൊട്ടിക്കരഞ്ഞ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച കെ.പി.സി.സി പ്രസിഡന്റ് ഡി.കെ ശിവകുമാർ. മുഴുവൻ പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് കന്നഡ മണ്ണിലെ ഈ വിജയമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് തീരുമാനിച്ചത് മുതൽ താൻ ഉറങ്ങിയിട്ടില്ല, പ്രവർത്തകരെ ഉറങ്ങാൻ അനുവദിച്ചിട്ടുമില്ല. ഉറങ്ങാത്ത രാത്രികൾക്കും ദിവസങ്ങൾക്കും ആഴ്ചകൾക്കുമുള്ള ഫലം കൂടിയാവുകയാണ് ഈ വിജയമെന്നും കനക്പുര മണ്ഡലത്തിൽ നിന്ന് തുടർച്ചയായ എട്ടാം തവണയും കൂറ്റൻ വിജയം നേടിയ ഡി.കെ വ്യക്തമാക്കി.
കേഡർ പ്രവർത്തനത്തിന്റെ വിജയമാണിത്. എന്റെ പാർട്ടി പ്രവർത്തകർ, നേതാക്കൾ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ, എന്നിങ്ങനെ ഒരോരുത്തരുടെയും പേരെടുത്ത് അദ്ദേഹം നന്ദി പറഞ്ഞു.
സിദ്ധരാമയ്യയുടെ പ്രവർത്തനങ്ങളെയും ഓർമ്മിച്ചു. ഇതിനിടെ ജയിലിൽ കിടന്ന നാളുകളിൽ തന്നെ കാണാനെത്തിയ സോണിയാ ഗാന്ധിയോടുള്ള നന്ദിയും അറിയിച്ചു. ഭാരത് ജോഡോ യാത്ര, ബൂത്ത് ലെവൽ മുതലുള്ള പ്രവർത്തകർ, എം.എൽ.എമാർ, എ.ഐ.സി.സി ഭാരവാഹികൾ അടക്കം നടത്തിയ നിരന്തര പ്രവർത്തനങ്ങളുടെ ഫലമാണ് ഈ വിജയമെന്ന് കണ്ണ് നിറഞ്ഞ് കണ്ഠമിടറി ഡി.കെ പറഞ്ഞപ്പോൾ അത് കണ്ടുനിന്നവരുടെയും കണ്ണ് നിറച്ചു.