കോട്ടയം- കൊട്ടാരക്കരയില്‍ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തിയ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയോട് വൈകാരികമായി പ്രതികരിച്ച് പിതാവ്. ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ സമീപത്ത് ഇരിക്കുമ്പോഴാണ് വന്ദനയുടെ പിതാവ് വികാരം പ്രകടിപ്പിച്ചത്
ചിലര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നും അതൊന്നും തങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
'പോലീസുകാരുടെ കൈയില്‍ തോക്കുണ്ടായിരുന്നു. അതുപയോഗിക്കേണ്ട, പ്ലാസ്റ്റിക്ക് കസേരയുണ്ടായിരുന്നില്ലേ. അതെടുത്തൊന്ന് അടിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നില്ലേ? അക്രമിയെ പിടിച്ചുവെക്കാന്‍ കഴിയുമായിരുന്നില്ലേ? പിന്നെന്തിനാണ് ഈ പോലീസിനെയൊക്കെ വെച്ചുകൊണ്ടിരിക്കുന്നത്,
'പഞ്ചാബിലായിരുന്നു മകള്‍ക്ക് ആദ്യം അഡ്മിഷന്‍ ലഭിച്ചത്. അവിടെ വിടാന്‍ കഴിയാത്തതിനാലാണ് ഇവിടെ കാശുകൊടുത്ത് അഡ്മിഷന്‍ എടുത്തത്. എന്റെ അമ്മയുടെ ആഗ്രഹമായിരുന്നു കൊച്ച് ഡോക്ടറാകണമെന്ന്. മൂന്നോ നാലോ മാസം കഴിയുമ്പോഴേക്കും എന്റെ കൊച്ച് എന്റടുത്ത് വന്നേനെ', മകളെക്കുറിച്ച് പറയുമ്പോള്‍ പിതാവ് വികാരാധീനനായി.
ജീവിക്കാനും ജോലി ചെയ്യാനുമുള്ള സാഹചര്യം ഒരുക്കണം. അതില്ലാത്തതുകൊണ്ടല്ലേ ആളുകള്‍ കേരളത്തിന് പുറത്തേക്ക് പോകുന്നത്. ഇവിടെ എന്തുണ്ടായിട്ടെന്താ ജീവിക്കാനുള്ള സാഹചര്യമില്ല. പുറത്തുപോയാല്‍ പിന്നെ ഏതെങ്കിലും കുട്ടികള്‍ തിരിച്ചുവരുമോ? എട്ടുപത്തുവര്‍ഷം കഴിയുമ്പോഴേക്കും കേരളത്തിലിനി കിഴവന്മാര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. വിദേശത്തുപോയവര്‍ പിന്നെ തിരിച്ചുവരില്ലെന്നും വന്ദനയുടെ പിതാവ് ചൂണ്ടിക്കാട്ടി.