ഇസ്ലാമാബാദ്- അഴിമതിക്കേസില്‍ അറസ്റ്റിലായ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ച് ഇസ്‌ലാമാബാദ് ഹൈക്കോടതി. ഇമ്രാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഉടന്‍ മോചിപ്പിക്കാന്‍ നിര്‍ദേശിച്ച സുപ്രീംകോടതി ഇമ്രാനോട് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അല്‍ ഖാദിര്‍ ട്രസ്റ്റ് കേസില്‍ സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) ഇമ്രാനെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയിലെത്തിയ ഇമ്രാനെ ബലപ്രയോഗത്തിലൂടെയായിരുന്നു എന്‍എബി അറസ്റ്റ് ചെയ്തത്. കോടതിയില്‍ കയറി ഇമ്രാനെ അറസ്റ്റ് ചെയ്ത നടപടിയില്‍ രോഷം പ്രകടിപ്പിച്ച സുപ്രീംകോടതി രജിസ്ട്രാറുടെ അനുമതിയില്ലാതെ കോടതിയില്‍ നിന്ന് ആരേയും അറസ്റ്റ് ചെയ്യാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇമ്രാനോട് ഇന്ന് ഹൈക്കോടതില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
വലിയ സുരക്ഷാ സന്നാഹത്തോടെയാണ് വെള്ളിയാഴ്ച ഇമ്രാനെ ഇസ്ലാമാബാദ് ഹൈക്കോടതിയിലെത്തിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ വാദം കേള്‍ക്കല്‍ രണ്ട് മണിക്കൂറോളം വൈകുകയും ചെയ്തിരുന്നു. ഇമ്രാനെ ജാമ്യത്തില്‍ വിട്ടതിന് പിന്നാലെ പാകിസ്ഥാനിലുടനീളം അദ്ദേഹത്തിന്റെ അനുയായികള്‍ ആഹ്ളാദപ്രകടനം നടത്തി.