Sorry, you need to enable JavaScript to visit this website.

ഇമ്രാൻ ഖാനെ ഉടൻ വിട്ടയക്കണം, അറസ്റ്റ് നിയമവിരുദ്ധം-സുപ്രീം കോടതി

ഇസ്ലാമാബാദ്- പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പാക് സുപ്രീം കോടതി. ഇംറാൻ ഖാനെ ഉടൻ വിട്ടയക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.  ഒരു മണിക്കൂറിനകം ഇമ്രാൻ ഖാനെ കോടതിയിൽ ഹാജരാക്കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഉത്തരവിനെ തുടർന്ന് ഇമ്രാൻ ഖാനെ കനത്ത സുരക്ഷയിൽ കോടതിയിൽ ഹാജരാക്കി. ഇമ്രാന്റെ അറസ്റ്റിനെത്തുടർന്ന് രണ്ട് ദിവസമായി അദ്ദേഹത്തിന്റെ അനുയായികളുടെ അക്രമാസക്തമായ പ്രതിഷേധത്തെ തുടർന്നാണ് കോടതി ഇടപെടൽ. അഴിമതി ആരോപണത്തെ തുടർന്ന് അറസ്റ്റിലായ ഇമ്രാൻ ഖാനെ എട്ടു ദിവസത്തേക്കാണ് കോടതി റിമാന്റ് ചെയ്തത്. 
ഖാന്റെ അറസ്റ്റിനെ തുടർന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ  പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) വൻ പ്രക്ഷോഭമാണ് നടത്തുന്നത്. സൈനിക ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ സൈനിക മേധാവികളുടെ വീടുകളും ആക്രമിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഖാനെ പുറത്താക്കാൻ സൈന്യം പദ്ധതിയിട്ടിരുന്നതായി ഇമ്രാൻ ഖാന്റെ അനുയായികൾ ആരോപിക്കുന്നു. ഇതുവരെ 2,000 ത്തോളം ആളുകളാണ് പ്രക്ഷോഭത്തിൽ അറസ്റ്റിലായത്. അഞ്ചു പേർ കൊല്ലപ്പെട്ടു. 
2022 ഏപ്രിലിൽ പാർലമെന്റിന്റെ അവിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട രാഷ്ട്രീയക്കാരനാണ് 70 കാരനായ ഖാൻ. അഭിപ്രായ വോട്ടെടുപ്പുകൾ പ്രകാരം പാകിസ്ഥാനിലെ ഏറ്റവും ജനപ്രിയ നേതാവാണ്. ഭൂമി തട്ടിപ്പ് കേസിൽ ചൊവ്വാഴ്ചയാണ് അഴിമതി വിരുദ്ധ ഏജൻസി  അറസ്റ്റ് ചെയ്തത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഇമ്രാൻ ഖാൻ ആവർത്തിച്ചു. 

Latest News