ന്യൂദല്‍ഹി- മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് തുടരാമെന്ന് സുപ്രിം കോടതി. വിശ്വാസ വോട്ടെടുപ്പ് നേരിടാതെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവെച്ചതിനാല്‍ പുനഃസ്ഥാപിക്കാനാവില്ലെന്നും സുപ്രിം കോടതി പറഞ്ഞു.
ഇതോടെ ശിവസേനയിലെ അധികാര തര്‍ക്കത്തില്‍ നിര്‍ണായക നിരീക്ഷണങ്ങളാണ് സുപ്രിം കോടതി നടത്തിയിരിക്കുന്നത്. എന്നാല്‍ മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടിയെ സുപ്രിം കോടതി വിമര്‍ശിച്ചു. സര്‍ക്കാരിനുള്ള പിന്തുണ ആരും പിന്‍വലിച്ചിരുന്നില്ലെന്നും ചട്ടവിരുദ്ധമായാണ് മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിയതെന്നും പറഞ്ഞ സുപ്രിം കോടതി വിശ്വാസവോട്ടെടുപ്പിനുള്ള ഗവര്‍ണറുടെ തീരുമാനം തെറ്റാണെന്നും പറഞ്ഞു. ഏകനാഥ് ഷിന്‍ഡെ വിഭാഗം വിപ്പിനെ നിയമിച്ചതില്‍ സ്പീക്കര്‍ക്ക് തെറ്റുപറ്റിയെന്നും കോടതി നിരീക്ഷിച്ചു.