കോട്ടയം- ഡോ. വന്ദന ദാസിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കോട്ടയം മുട്ടുചിറയിലെത്തി വന്ദനയുടെ മാതാപിതാക്കളെ മന്ത്രി ആശ്വസിപ്പിച്ചു. അന്ത്യോപചാരം അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ വീണാ ജോര്‍ജ് മടങ്ങി.
ഡോ. വന്ദനയുടെ പരിചയസമ്പത്തുമായി ബന്ധപ്പെട്ട് ആരേഗ്യ മന്ത്രി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ചില മാധ്യമങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയാണ് വീണ ജോര്‍ജിന്റെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തതെന്ന വിമര്‍ശനവുമുണ്ടായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചയോടെയാണ് പൊലീസ് കസ്റ്റഡിയില്‍ വൈദ്യ പരിശോധനയ്‌ക്കെത്തിയ നെടുമ്പന ഗവണ്‍മെന്റ് യു. പി സ്‌കൂള്‍ അധ്യാപകന്‍ വെളിയം ചെറുകരക്കോണം ശ്രീനിലയത്തില്‍ സന്ദീപ് ഡോ. വന്ദനയെ കൊലപ്പെടുത്തിയത്. കെ. ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന.
ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഡോ. വന്ദനയുടെ മൃതദേഹം ബുധനാഴ്ച രാത്രി എട്ട് മണിയോടെ മുട്ടുചിറയിലെ വീട്ടിലെത്തിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.