ന്യൂദല്‍ഹി- ശിവസേനയുടെ അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും തമ്മിലുള്ള അധികാര തര്‍ക്കം, താക്കറെയുടെ രാജിക്ക് പിന്നാലെ ബി. ജെ. പിക്കൊപ്പം ചേര്‍ന്ന് ഷിന്‍ഡെയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയുടെ നടപടി എന്നിവയുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹരജികളിലാണ് സുപ്രിം കോടതി വിധി പ്രസ്താവിക്കുക. ഏക്നാഥ് ഷിന്‍ഡെയേയും എം. എല്‍. എമാരേയും കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമോ എന്നതിലും തീരുമാനമുണ്ടാകും.
താക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരമേറ്റപ്പോള്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതാ നടപടികളുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സ്പീക്കര്‍ക്കു മുന്നില്‍ പ്രശ്‌നമുണ്ടായിരുന്നു. അക്കാര്യത്തില്‍ തീരുമാനം സ്വീകരിക്കുന്നതിനു മുമ്പെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് ഒരുവിഭാഗം വാദിക്കുന്നതും അഞ്ചംഗ ബെഞ്ചിനു മുമ്പിലുണ്ട്.
ഷിന്‍ഡെ വിഭാഗത്തെ യഥാര്‍ഥ ശിവസേനയായി അംഗീകരിക്കാനുള്ള മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുടെ തീരുമാനം നിയമപരമായി ശരിയായിരുന്നോ എന്നതും നിര്‍ണായകമാണ്. സുപ്രിം കോടതി വിധി അനുകൂലമാമായാല്‍ ഷിന്‍ഡെ വിഭാഗത്തിന് വലിയ രാഷ്ട്രീയ വിജയമായിരിക്കും അത്. മറിച്ചായാല്‍ ഉദ്ധവ് താക്കറെ നേട്ടം കൊയ്യും. ഗവര്‍ണറുടെ തീരുമാനത്തില്‍ ഭരണഘടനാപരമായ അപാകതകള്‍ കോടതി കണ്ടെത്തിയാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പതനത്തിനും കാരണമാകും. തീരുമാനമെടുക്കാനുള്ള അവസരം കോടതി സ്പീക്കര്‍ക്ക് നല്‍കിയാല്‍ അത് ഷിന്‍ഡെ വിഭാഗത്തിനാണ് ഗുണകരമാവുക.