ശ്രീനഗര്‍- പ്രമുഖ മാധ്യമപ്രവര്‍ത്തകനും ജമ്മു കശ്മീലെ റൈസിങ് കശ്മീര്‍ പത്രത്തിന്റെ എഡിറ്ററുമായിരുന്ന ശുജാത്ത് ബുഖാരിയെ വെടിവെച്ചു കൊലപ്പെടുത്തിയ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. ബൈക്കിലെത്തിയ മൂന്നംഗ സംഘത്തില്‍ ഒരാള്‍ പാക്കിസ്ഥാനിയാണെന്ന് പോലീസ് പറയുന്നു. ഇയാള്‍ ലഷ്‌ക്കര്‍ ഭീകരനാണെന്ന സംശയിക്കുന്നതായും ബൈക്കിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ കശ്മീരികളാണെന്നും പോലീസ് പറയുന്നു. ജൂണ്‍ 14-നാണ് ഒരു ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനായി ശ്രീനഗറിലെ പത്രമോഫീസില്‍ നിന്നും പുറത്തിറങ്ങി കാറില്‍ കയറുന്നതിനിടെ ബുഖാരിയെ ആക്രമികള്‍ വെടിവെച്ചു കൊന്നത്.
ബൈക്കിലെത്തിയ ആക്രമികള്‍ തൊട്ടടുത്ത് നിന്നാണ് ബുഖാരിക്കു നേരെ നിറയൊഴിച്ചത്. 52-കാരനായ ബുഖാരിയുടെ ശരീരത്തില്‍ നിന്നും 17 വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ബുഖാരിയുടെ രണ്ട് സുരക്ഷാ ഗാര്‍ഡുകളും കൊല്ലപ്പെട്ടിരുന്നു. മുഖം മറച്ചാണ് ആക്രമികള്‍ എത്തിയതെന്ന് പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബൈക്കില്‍ മധ്യത്തില്‍ ഇരുന്നയാളുടെ പക്കല്‍ ആയുധങ്ങളുള്ളതായും ദൃശ്യങ്ങളിലുണ്ട്. കൊല നടത്തിയ ശേഷം ഇവര്‍ തിരക്കേറിയ തെരുവിലേക്കാണ് ബൈക്കോടിച്ച് രക്ഷപ്പെട്ടത്. ഫെബ്രുവരിയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട പാക്കിസ്ഥാനിയാകാം ഈ കൊലയാളിയെന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നു.
സംഭവത്തിനിടെ ശുജാത്ത് ബുഖാരിയുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന ഓരാളെ കൂടി പോലീസ് നാലാം പ്രതിയാക്കിയിരുന്നു. ഇയാള്‍ ഒരു മയക്കു മരുന്ന് അടിമയാണെന്നും കൊലപാതകവുമായി ബന്ധമില്ലെന്നും പിന്നീട് കണ്ടെത്തി. ശുജാത്ത് ബുഖാരിക്കെതിരെ ബ്ലോഗിലൂടെ പ്രചാരണം നടത്തിയ മറ്റൊരു പാക്കിസ്ഥാനിയേയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യാ-പാക് അനൗദ്യോഗിക സമാധാന ചര്‍ച്ചകളില്‍ നിര്‍ണ്ണായക പങ്കുള്ള ബുഖാരിയുടെ കൊലപാതകം കശ്മീരിനെ മാത്രമല്ല രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.