കോഴിക്കോട് - ലോകസഭയിലേക്ക് വീണ്ടും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. സിറ്റിങ്ങ് എം.പിമാര്‍ മത്സരിച്ചില്ലങ്കില്‍ പരാജയം ഭയന്നാണെന്ന സന്ദേശം ഉണ്ടാകുമെന്നും അതുകൊണ്ട് ഇന്നലെ ചേര്‍ന്ന നേതൃ യോഗത്തില്‍ സിറ്റിങ്ങ് എം.പിമാര്‍ മത്സരിക്കണമെന്നാണ് നിര്‍ദേശം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇനി നിയമ സഭയിലേക്ക് മത്സരിക്കില്ലെന്നും മുരളീധരന് വ്യക്തമാക്കി. ഡോ. വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അപമാനകരമായ പ്രസ്താവന നടത്തിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മാപ്പ് പറയണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു. മന്ത്രി അപമാനിച്ചത് ആ കുടുംബത്തെയാണ്. വാക്കുകള്‍ ആരും വളച്ചൊടിച്ചിട്ടില്ല. മന്ത്രിയുടേത് നിരുത്തരവാദിത്വപരമായ പ്രതികരണമാണ്. മന്ത്രി എന്താണ് പറഞ്ഞതെന്ന് എല്ലാവര്ക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നും മുരളീധരന് പ്രതികരിച്ചു.