ഹാവേരി- കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. തന്റെ പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ഉയര്‍ന്ന വോട്ടിംഗ് ശതമാനം എല്ലായ്‌പ്പോഴും ബി.ജെ.പിക്ക് അനുകൂലമാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില എതിരാളികള്‍ അവകാശപ്പെടുന്നതുപോലെ വോട്ടിംഗ് ശതമാനം കോണ്‍ഗ്രസിന് അനുകൂലമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
എക്‌സിറ്റ് പോളുകള്‍ എക്‌സിറ്റ് പോളുകളാണ്. അവ 100 ശതമാനം ശരിയാകില്ല. മുഴുവന്‍ സാഹചര്യവും മാറ്റാന്‍ കഴിയുന്ന വ്യതിയാനങ്ങള്‍ ഉണ്ടാകും- മുഖ്യമന്ത്രി ബൊമ്മെ തന്റെ സ്വന്തം മണ്ഡലമായ ഷിഗ്ഗാവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഞങ്ങള്‍ കേവല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് ഞങ്ങളുടെ ഗ്രൗണ്ട് റിപ്പോര്‍ട്ട് പറയുന്നത്. വോട്ടെണ്ണല്‍ നടക്കുന്ന 13 വരെ നമുക്ക് കാത്തിരിക്കാം- മുഖ്യമന്ത്രി പറഞ്ഞു.
കൂടുതല്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്യുന്നത് എല്ലായ്‌പ്പോഴും ബിജെപിക്കാണ് നല്ലത്. കോണ്‍ഗ്രസിനല്ല. ധാരാളം ആളുകള്‍ പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ വോട്ട് ചെയ്തിട്ടുണ്ടെന്ന് ഉയര്‍ന്ന പോളിംഗ് ശതമാനം കാണിക്കുന്നത്. ആ വോട്ടുകള്‍ ബിജെപിക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ് മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചിരിക്കുന്നത്.