ന്യൂയോർക്ക്- അമേരിക്കയിലെ ഒരു സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർഥി സഹപാഠിയെ ലൈംഗീകമായി പീഡിപ്പിച്ച് ദൃശ്യം റെക്കോർഡ് ചെയ്തതായി പരാതി. ഫോക്‌സ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ സ്‌കൂളിന് മുന്നിൽ വൻ പ്രക്ഷോഭത്തിലാണ്. സ്‌കൂളിലെ സ്ഥിതിയിൽ രക്ഷിതാക്കളും സമൂഹവും രോഷാകുലരാണെന്നും സ്‌കൂളിനെതിരെ പ്രതിഷേധിക്കാൻ തടിച്ചുകൂടിയ ആളുകളുടെ എണ്ണം വർധിച്ചുവരികയാണെന്നും ഫോക്‌സ് ന്യൂസ് വ്യക്തമാക്കി. പെൺകുട്ടിയുടെ കുടുംബാംഗങ്ങളും രംഗത്തെത്തി. മുതിർന്നവർക്ക് പോലും മറികടക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ് 6 വയസ്സുള്ള കുട്ടിക്ക് നേരിടേണ്ടി വന്നത്. ഇത് ഏറ്റവും മോശമായ ഒരു ആഘാതമാണെന്നും പ്രതിഷേധിക്കുന്ന രക്ഷിതാക്കളിൽ ഒരാൾ പറഞ്ഞു. ഏപ്രിൽ 19 ന് പ്ലെയിൻവ്യൂ സൗത്ത് എലിമെന്ററിയിലാണ് സംഭവം നടന്നത്. ഒരു രക്ഷിതാവ് സോഷ്യൽ മീഡിയയിൽ ഈ വാർത്ത പ്രചരിപ്പിച്ചപ്പോൾ മാത്രമാണ് സംഭവം പുറത്തെത്തിയത്. രക്ഷിതാക്കളുടെ പ്രതിഷേധം പുറത്തുവന്നതോടെയാണ് കുറ്റകൃത്യം നടന്നുവെന്ന കാര്യം സ്‌കൂൾ അധികൃതർ സ്ഥിരീകരിച്ചത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതോടെ രക്ഷിതാക്കൾ സംഭവം അന്വേഷിക്കുകയായിരുന്നു.
ന്യൂയോർക്ക് പോസ്റ്റ് പറയുന്നതനുസരിച്ച്, സ്‌കൂളിൽ ഉച്ചഭക്ഷണ സമയത്താണ് ആൺകുട്ടി പീഡിപ്പിച്ചത്. മറ്റൊരു വിദ്യാർഥിയോട് ലൈംഗീകമായി ബന്ധപ്പടാൻ നിർബന്ധിച്ചതായും പെൺകുട്ടി പോലീസിന് മൊഴി നൽകി.