നാഗര്‍കോവില്‍- കിടപ്പിലായ പിതാവിനെ പരിചരിക്കാതെ ദേഹോപദ്രവം ഏല്‍പ്പിച്ച മകന് പിതാവ് സെറ്റില്‍മെന്റായി നല്‍കിയ വസ്തു തിരിച്ചുവാങ്ങിച്ച് കലക്ടര്‍. പത്മനാഭപുരം സബ് കലക്ടര്‍ എച്ച്ആര്‍ കൗശിക് ആണ് മുന്‍ അധ്യാപകനായിരുന്ന മണ്ടയ്ക്കാട് അഴകന്‍ പാറ സ്വദേശി ജോണ്‍ തോമസി(75)ന് കൈത്താങ്ങായത്.
ഭാര്യ തവശികനി അമ്മാള്‍ മരിച്ച ശേഷം ജോണ്‍ തനിച്ചാണ് താമസിക്കുന്നത്. മകള്‍ ചെന്നൈയിലും മകന്‍ കോയമ്പത്തൂരിലുമാണ് താമസം. ഇതിനിടയില്‍ ജോണ്‍ തോമസ് തന്റെ 1.37 ഏക്കര്‍ വസ്തു മകന് എഴുതി നല്‍കിയിരുന്നു.
എന്നാല്‍, മകന്‍ ഹോം നഴ്‌സിനെ ഏര്‍പ്പാടാക്കുകയും പിതാവിന്റെ പെന്‍ഷനില്‍ നിന്ന് അതിനുള്ള ചെലവ് ഈടാക്കുകയും ചെയ്തു. നാട്ടില്‍ വരുന്ന സമയങ്ങളില്‍ പിതാവിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. അതിനാല്‍ ആധാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പത്മനാഭപുരം സബ് കലക്ടര്‍ക്ക് മാര്‍ച്ചില്‍ വയോജന അദാലത്തില്‍ പരാതി നല്‍കിയിരുന്നു.
ഇതേക്കുറിച്ച് ജോണ്‍ തോമസിന്റെ വീട്ടിലെത്തി അദ്ദേഹത്തോടും രണ്ട് മക്കളോടും കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ സബ് കലക്ടര്‍ മണവാളക്കുറിച്ചി സബ് രജിസ്ട്രാര്‍ക്ക് ആധാരം റദ്ദാക്കാന്‍ ഉത്തരവ് നല്‍കി. പ്രമാണം സബ് കലക്ടര്‍ നേരിട്ടു കൈമാറി. എന്തെങ്കിലും പീഡനമുണ്ടായാല്‍ കുളച്ചല്‍ പോലീസിനോട് നടപടിയെടുക്കാനും അദ്ദേഹം നിര്‍ദേശിച്ചു.