Sorry, you need to enable JavaScript to visit this website.

വർഗീയത വളർത്താൻ കലയെ മറയാക്കുന്ന ഫാസിസ്റ്റ് കുതന്ത്രം തകർക്കണം -സെമിനാർ

ജിദ്ദയിൽ സംഘടിപ്പിച്ച 'ദി കേരള സ്‌റ്റോറി' ഒരു നുണക്കഥയുടെ കാണാപ്പുറങ്ങൾ' സെമിനാറിൽ കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന സെക്രട്ടറി കെ.സി അബ്ദുറഹിമാൻ സംസാരിക്കുന്നു.

ജിദ്ദ- 'ദി കേരള സ്‌റ്റോറി' ഒരു നുണക്കഥയുടെ കാണാപ്പുറങ്ങൾ' എന്ന ശീർഷകത്തിൽ ജിദ്ദയിൽ സെമിനാർ സംഘടിപ്പിച്ചു. വർഗീയത വളർത്താൻ കലയെ മറയാക്കുന്ന ഫാസിസ്റ്റ് കുതന്ത്രം കലയിലൂടെ തന്നെ തകർക്കണമെന്ന് സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചവർ ആവശ്യപ്പെട്ടു. കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്‌മെന്റാണ് വനിതകളടക്കമുള്ള മത, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനാ നേതാക്കളെയും മാധ്യമ പ്രവർത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് സെമിനാർ ജിദ്ദയിൽ സംഘടിപ്പിച്ചത്.
ഗൾഫ് രാജ്യങ്ങളിൽ മറ്റേത് രാജ്യക്കാരേക്കാളും ഏറെ വിശ്വാസ്യതയുള്ള മലയാളികളുടെ മേൽ സംശയത്തിന്റെ കരിനിഴൽ വീഴ്ത്തി അവരെ സാമ്പത്തികമായി തകർക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ഗൂഢാലോചനയാണ് 'ദി കേരള സ്‌റ്റോറി' എന്ന ഈ നുണക്കഥ. കലാ സൃഷ്ടികളെ നീചവും നികൃഷ്ടവുമായ രീതിയിൽ അവതരിപ്പിക്കുന്നതിനെ നെട്ടെല്ല് നിവർത്തി നിന്ന് ശക്തമായ ഭാഷയിൽ ഒന്ന് അപലപിക്കാൻ പോലും തയാറാവാത്ത സാംസ്‌കാരിക നായകർ മലയാളി മനസ്സുകളെ നൊമ്പരപ്പെടുത്തുകയാണെന്ന് സെമിനാറിൽ പങ്കെടുത്ത ഏതാണ്ടെല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. 


ഈ ക്ഷുദ്ര സിനിമക്ക് നികുതിയിളവ് നൽകിയ ചില സംസ്ഥാന സർക്കാറുകൾ സത്യത്തിനും മൂല്യങ്ങൾക്കും എതിരെയാണ് പ്രവർത്തിക്കുന്നത്. ഫാസിസ്റ്റ് ശക്തികളുടെ ലക്ഷ്യത്തിനനുസൃതമായി 'ദി കേരള സ്‌റ്റോറി' കേരളത്തിനും ഇന്ത്യക്കും പുറത്തായിരിക്കും കൂടുതൽ വർഗീയ ധ്രുവീകരണവും അപരവൽക്കരണവും സൃഷ്ടിക്കുക. പതിറ്റാണ്ടുകൾക്ക് മുന്നേ തന്നെ സർവ മേഖലകളിലും പുരോഗതി പ്രാപിച്ച കേരളത്തെ കരിവാരിത്തേക്കുക എന്നതും ഈ സിനിമയുടെ ഒരു ലക്ഷ്യമാണ്. 
അതുകൊണ്ട് തന്നെയാണ് പ്രവാസ ലോകത്ത് ഈ സിനിമക്കെതിരെ എല്ലാ മത രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളും മാധ്യമ പ്രവർത്തകരും ഒറ്റക്കെട്ടായി പ്രതിഷേധ ശബ്ദമുയർത്തുന്നത്. നിഷ്പക്ഷ മനസ്സുകളിൽ പോലും പച്ചനുണയിലൂടെ വെറുപ്പിന്റെ രാഷ്ട്രീയം കുത്തിനിറച്ച് അധികാരം പിടിക്കാനും ഉള്ളത് നിലനിർത്താനും ഫാസിസ്റ്റ് ശക്തികൾ നടത്തുന്ന കുത്സിതശ്രമം പരാജയപ്പെടുത്താൻ സാഹോദര്യത്തിന്റെയും മതേതര ചിന്താധാരയുടെയും സന്ദേശം പകരുന്ന കലാ സാഹിത്യ രചനകളും കാര്യക്ഷമമായ ബോധവൽക്കരണവും ഉണ്ടാവണമെന്നും അതിന് മതേതര ജനാധിപത്യ വിശ്വാസികൾ ഉണർന്ന് പ്രവർത്തിക്കണമെന്നും സെമിനാറിൽ പങ്കെടുത്ത് സംസാരിച്ച പ്രമുഖർ ആവശ്യപ്പെട്ടു.
കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന സെക്രട്ടറി  കെ.സി അബ്ദുറഹിമാൻ മോഡറേറ്ററായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഇഖ്ബാൽ പൊക്കുന്ന് (ഒ.ഐ.സി.സി), അബൂബക്കർ അരിമ്പ്ര (കെ.എം.സി.സി), സൽമാനുൽ ഫാരിസ് ദാരിമി (സമസ്ത ഇസ് ലാമിക് സെന്റർ), ശിഹാബ് സലഫി (ഇന്ത്യൻ ഇസ് ലാഹി സെന്റർ), മൗഷ്മി ശരീഫ് (ഒ.ഐ.സി.സി വനിതാ വിംഗ് റീജ്യണൽ പ്രസിഡന്റ്), നാസർ ചാവക്കാട് (ഐ.ഡി.സി), സാദിഖ് അലി തുവ്വൂർ (ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം), ജലീൽ കണ്ണമംഗലം (24 ന്യൂസ്), സുൽഫിക്കർ ഒതായി (അമൃതാ ന്യൂസ്), നസീർ വാവക്കുഞ്ഞ്,  നാസർ വെളിയങ്കോട് (സൗദി ഇന്ത്യൻ അസോസിയേഷൻ), സിയാദ് അബ്ദുല്ല (അഭിനേതാവ്), പ്രിൻസാദ് കോഴിക്കോട് 
(ഫോക്കസ് ജിദ്ദ), ഒ.ഐ.സി.സി നേതാക്കളായ അഹ്‌സാബ് വർക്കല, ശ്രീജിത്ത് കണ്ണൂർ, സഹീർ മാഞ്ഞാലി തുടങ്ങിയവർ അവരവരുടെ വീക്ഷണത്തിൽ വിഷയം അവതരിപ്പിച്ചു. ഹക്കീം പാറക്കൽ, ഹുസൈൻ ചുള്ളിയോട്, അഷ്‌റഫ് വടക്കേക്കാട്, നൗഷീർ കണ്ണൂർ, നസീർ സൈൻ, നാസർ കോഴിത്തൊടി തുടങ്ങിയവർ നേതൃത്വം നൽകി. സി.എം അഹമ്മദ് ആക്കോട് സ്വാഗതവും മൈനോറിറ്റി ഡിപ്പാർട്ട്‌മെന്റ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുജീബ് പാക്കട നന്ദിയും പറഞ്ഞു.
 

Tags

Latest News