Sorry, you need to enable JavaScript to visit this website.

ദമ്പതികളുടെ കൊലപാതകം; അയല്‍വാസിക്കും മകനും മൂന്ന് ജീവപര്യന്തം

ഇടുക്കി- ദമ്പതികളെ വീട്ടില്‍ കയറി  വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിക്കും മകനും മുന്നു വീതം ജീവപര്യന്തവും 25000 രൂപ വീതം പിഴയും ശിക്ഷ. ബൈസന്‍വാലി പൊട്ടന്‍കാട് സരസ്വതിഭവനില്‍ ജയരാജ് (മുരുകന്‍-59),  മകന്‍ കറുപ്പസ്വാമി (34) എന്നിവരെയാണ് തൊടുപുഴ മൂന്നാം അഡീഷനല്‍ ജഡ്ജി കെയഎന്‍ ഹരികുമാര്‍ ശിക്ഷിച്ചത്. ഇതിന് പുറമേ ഭവനഭേദനത്തിന് അഞ്ച് വര്‍ഷം വീതം തടവും 5000 രൂപ വീതം പിഴയുമുണ്ട്.   ബൈസന്‍വാലി പൊട്ടന്‍കാട് പൂമല ചൂരക്കവയലില്‍ അപ്പുക്കുട്ടന്‍ (60), ഭാര്യ ശാന്ത (55) എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇവരുടെ മകന്‍ ഓട്ടോ ഡ്രൈവറായ ബൈജു (28) ശരീരമാസകലം വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു. 2014 ഫെബ്രുവരി 2ന് പകല്‍ 4.30ന് ബൈജുവും പണിക്കാരന്‍  ജോസിയും കൂടി വീടിനടുത്തുളള വഴിയിലൂടെ നടന്നുവരവേ കറുപ്പുസാമി കൈയിലിരുന്ന വാക്കത്തി കൊണ്ട് ആദ്യവും ജയരാജ് രണ്ടാമതും വെട്ടി. കരച്ചില്‍ കേട്ട് ഓടിയെത്തിയ ശാന്തയേയും അപ്പുക്കുട്ടനേയും പ്രതികള്‍ വാക്കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഓടിച്ച് വീട്ടില്‍ കയറ്റിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.  
രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ദീര്‍ഘനാളത്തെ പകയായിരുന്നു സംഭവത്തിന് പിന്നില്‍. 14 വര്‍ഷം മുമ്പ് തമിഴ്‌നാട്ടില്‍ നിന്നും നാടുവിട്ട  ജയരാജും കുടുംബവും കൊല്ലപ്പെട്ട അപ്പുക്കുട്ടനില്‍ നിന്നും ഒന്നരയേക്കറോളം വസ്തുവാങ്ങി സമീപത്ത് താമസമാക്കിയിരുന്നു. ഇവിടേക്ക് വെള്ളം കൊണ്ടുവരുന്നതിനുള്ള ഹോസ് വലിക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. കളളത്തോക്ക് നിര്‍മാണത്തില്‍ ജയരാജിനെ പോലീസ് പിടിച്ചത് അപ്പുക്കുട്ടനും കുടുംബവും വിവരം നല്‍കിയിട്ടാണെന്നാരോപിച്ചും ഇവര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു.  കൊലക്കുശേഷം ചൊക്രമുടിവഴി നടന്ന് ഗ്യാപ്പ് റോഡില്‍ പ്രതികള്‍ ഒളിച്ചു. പിറ്റേന്ന് രാവിലെ ഇവിടെ നിന്നും തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിനായി പൂപ്പാറയിലെത്തിയതോടെ ഇരുവരും പോലിസ് പിടിയിലായി. ജയരാജ്് തമിഴ്‌നാട്ടില്‍ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
സാക്ഷി മൊഴിയും രാസപരിശോധന ഫലവും കേസില്‍ നിര്‍ണായകമായി. രാജാക്കാട് എസ് ഐ എം എന്‍ മോഹന്‍കുമാര്‍, കെ ഇ കുര്യന്‍, അടിമാലി സി ഐ സജി മര്‍ക്കോസ് എന്നിവര്‍ അന്വേഷിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി എ പി പി ഏബിള്‍ സി കുര്യന്‍ ഹാജരായി.
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News