ഇസ്‌ലാമാബാദ്- മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാന്‍ ഖാനെ പാകിസ്ഥാനിലെ അര്‍ധസൈനിക വിഭാഗം അറസ്റ്റ് ചെയ്തതിന് പിന്നാലെ തലസ്ഥാന നഗരിയിലുള്‍പ്പെടെ കലാപസമാന അന്തരീക്ഷം. ഇമ്രാന്‍ ഖാന്റെ അനുയായികള്‍ റാവല്‍പിണ്ടിയിലെ സേനാ ആസ്ഥാനത്തേക്ക് ഇരച്ചുകയറുകയും കല്ലേറ് നടത്തുകയും ചെയ്തു. രാജ്യത്ത് വിവിധ ഇടങ്ങളില്‍ വലിയ പ്രതിഷേധവും അക്രമ സംഭവങ്ങളും നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് അദ്ദേഹം അധ്യക്ഷനായ പി.ടി.ഐയുടെ പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി പ്രതിഷേധസമരങ്ങള്‍ക്ക് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഇമ്രാന്‍ ഖാന്റെ അനുയായികള്‍ ലാഹോര്‍ കണ്ടോന്റ്‌മെന്റിലെ കോര്‍പ്‌സ് കമാന്‍ഡേഴ്‌സ് ഹൗസിലേക്ക് ഇരച്ചുകയറി. റാവല്‍പിണ്ടിയിലെ സേനാആസ്ഥാനത്തേക്കും ഇമ്രാന്റെ അനുയായികള്‍ പ്രതിഷേധവുമായെത്തി. സേന ആസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനുമുമ്പ് ജനക്കൂട്ടം കല്ലേറ് നടത്തി. ആദ്യമായാണ് പാക് കരസേനാ ആസ്ഥാനത്ത് കല്ലേറുണ്ടാകുന്നത്. അഴിമതി കേസുമായി ബന്ധപ്പെട്ട കേസിലാണ് ചൊവ്വാഴ്ച ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തത്.