കൊച്ചി- ബഹുസ്വര രാജ്യമായ ഇന്ത്യയുടെ കരുത്തായ വൈവിധ്യത്തിനും സാഹോദര്യത്തിനും സൗഹൃദത്തിനും വിരുദ്ധമായ ഏത് നീക്കങ്ങളും അപലപിക്കപ്പെടേണ്ടതാണെന്ന് കൗണ്‍സില്‍ ഫോര്‍ കമ്മ്യൂണിറ്റി കോര്‍പ്പറേഷന്‍ (സി. സി. സി) ജനറല്‍ കൗണ്‍സില്‍ യോഗം ചൂണ്ടിക്കാട്ടി. മണിപ്പൂരില്‍ കുറച്ച് ദിവസങ്ങളായി തുടരുന്ന കലാപവും ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും സംസ്ഥാനത്തെ നിരവധി മനുഷ്യജീവനുകള്‍ ഹനിക്കപ്പെടുന്നതിനും മത സ്ഥാപനങ്ങള്‍, വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുന്നതിനു കാരണമായിരിക്കുന്നു.
മനുഷ്യഹത്യയും മതസ്ഥാപനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും രാജ്യത്ത് ഒരിക്കലും സംഭവിക്കരുതെന്നും സമൂഹവും ഭരണ സംവിധാനങ്ങളും ഈ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും സി. സി. സി അഭ്യര്‍ഥിച്ചു.
മലപ്പുറം ജില്ലയിലെ താനൂരിലുണ്ടായ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ പേരില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. അവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കാളികളാകുന്നതായും സി. സി. സി അറിയിച്ചു.