Sorry, you need to enable JavaScript to visit this website.

എവിടെയിരുന്നും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം; മൊബൈല്‍ ആപ്പുമായി

ന്യൂദല്‍ഹി- രാജ്യത്ത് എവിടെയിരുന്നും ആവശ്യമുള്ള കേന്ദ്രത്തില്‍നിന്ന് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഇനി സാധ്യമാകും. ദല്‍ഹിയിലിരുന്നുകൊണ്ട് തിരുവനന്തപുരത്തെ പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കാം. ഒരു വര്‍ഷമായി താമസിക്കുന്ന സ്ഥലത്തിന്റെ പരിധിയിലുള്ള ഓഫീസില്‍ മാത്രമേ അപേക്ഷിക്കാനാകൂ എന്ന വ്യവസ്ഥയാണ് ഇതോടെ മാറുന്നത്.
കേന്ദ്ര മന്ത്രി സുഷമ സ്വരാജ് ആണ് ഇക്കാര്യം അറിയിച്ചത്. പാസ്‌പോര്‍ട്ട് അപേക്ഷക്കുള്ള നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം മൊബൈല്‍ ആപ്പും പുറത്തിറക്കി.
'പാസ്‌പോര്‍ട്ട് സേവ' എന്ന പേരിലുള്ള പുതിയ ആപ്ലിക്കേഷനിലൂടെ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ സമര്‍പ്പിക്കാനാകുമെന്നു സുഷമ സ്വരാജ് വ്യക്തമാക്കി. പാസ്‌പോര്‍ട്ട് സേവ ദിവസിനോട് അനുബന്ധിച്ച് രാജ്യത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി നടത്തിയ ചടങ്ങിലാണ് പുതിയ ആപ്പ് പുറത്തിറക്കിയത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നോ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.
പുതിയ ആപ്ലിക്കേഷനിലൂടെ പൗരന് പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ വേഗത്തില്‍ സമര്‍പ്പിക്കാനാകും. അതോടൊപ്പം തന്നെ ആപ്ലിക്കേഷനില്‍ നല്‍കിയ മേല്‍വിലാസത്തില്‍ പോലീസ് പരിശോധനയും നടക്കും. പോലീസ് പരിശോധന പൂര്‍ത്തിയായാല്‍ മേല്‍വിലാസ പ്രകാരം പാസ്‌പോര്‍ട്ട് അയച്ചു നല്‍കും. പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
 

Latest News