ന്യൂദല്‍ഹി - കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, കോണ്‍ഗ്രസിന് ബി.ജെ.പിയുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. കര്‍ശന നടപടിയെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് എഴുതി നല്‍കിയ പരാതിയില്‍ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.
ഹുബ്ബള്ളിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സോണിയ നടത്തിയ പരാമര്‍ശം വിഘടന വാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
കര്‍ണാടകയുടെ പരമാധികാരത്തിനും അഖണ്ഡതക്കും കളങ്കം ചാര്‍ത്താന്‍ ആരെയും അനുവദിക്കില്ലെന്ന സോണിയയുടെ പരാമര്‍ശമാണ് ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുന്നത്. കോണ്‍ഗ്രസ് കര്‍ണാടകയെ ഇന്ത്യയില്‍നിന്ന് വിഭജിക്കാന്‍ ആണ് ശ്രമിക്കുന്നത്. വിഭജനം ലക്ഷ്യമിട്ടുള്ള ഇത്തരം പരാമര്‍ശങ്ങള്‍ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതാണെന്നും കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ പരാതിയുമായി സമീപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്കാണ് കമ്മിഷന്‍ കാരണംകാണിക്കല്‍ നോട്ടിസ് അയച്ചത്.
നാളെയാണ് കര്‍ണാടക പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാടിയ പ്രചാരണത്തിനാണ് ഇന്നലെ വൈകുന്നേരം സമാപനമായത്. അവസാന ഘട്ടഅഭിപ്രായ സര്‍വേകളിലും കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നുവെങ്കിലും അവസാന ഘട്ടത്തില്‍ ബി.ജെ.പി നടത്തിയ വര്‍ഗീയ പ്രചാരണം എങ്ങനെ സ്വാധീനിക്കുമെന്ന് വ്യക്തമല്ല.