കര്‍ണാടകയില്‍ ബുധനാഴ്ച നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന റൗണ്ടിലും ബി.ജെ.പി പുറത്തെടുത്തത് വര്‍ഗീയ വിഷയങ്ങള്‍. കര്‍ണാടകയെ രണ്ടാം വീടെന്ന് വിശേഷിപ്പിച്ചാണ് ബി.ജെ.പിയെ ഏതുവിധേനയും വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ടുള്ള അമിത് ഷായുടെ പ്രചാരണം.
പാര്‍ട്ടിയുടെ മാസ്റ്റര്‍ തന്ത്രജ്ഞനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്ഷാ വീണ്ടും സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയപ്പോള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വിളമ്പിയതാകട്ടെ വര്‍ഗീയ വിഷയങ്ങള്‍ മാത്രവും.
പോപ്പുലര്‍ ഫ്രണ്ടില്‍നിന്ന് കര്‍ണാടകയെ രക്ഷപ്പെടുത്തിയത് ബി.ജെ.പിയാണെന്നും സംസ്ഥാനത്ത് ഒരു കാരണവശാലും നാല് ശതമാനം മുസ്ലിം സംവരണം തിരികെ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നതുമാണ് ഇവയില്‍ പ്രധാനം.
കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പ് തന്നെ അമിത് ഷാ സംസ്ഥാനത്ത് പുറത്തെടുക്കേണ്ട തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ എണ്ണയിട്ട യന്ത്രം പോലുളള പ്രവര്‍ത്തനവും കഠിന പ്രയത്‌നങ്ങളും കര്‍ണാടകയിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വലിയ ആത്മവിശ്വാസമാണ് പകര്‍ന്നു നല്‍കിയിരിക്കുന്നത്. എതിര്‍ അഭിപ്രായ സര്‍വേകള്‍ക്കിടയിലും പാര്‍ട്ടി തന്നെ അധികാരത്തിലെത്തുമെന്ന് ബി.ജെ.പി അണികളെ വിശ്വസിപ്പിക്കാനാണ് അമിത് ഷാ പ്രധാനമായും ശ്രമിച്ചത്.
കോണ്‍ഗ്രസിന്റേയും സെക്കുലര്‍ ജനതാദളിന്റേയും ശക്തികേന്ദ്രമായ ദക്ഷിണ കര്‍ണാടകയില്‍ താമരയുടെ സ്വീകാര്യത വര്‍ധിപ്പിക്കാനായിരുന്നു ഇക്കുറി അമിത് ഷാ പ്രധാന ശ്രമം. അമിത് ഷാക്കു പുറമെ, പ്രധാനമന്ത്രി മോഡിയും പ്രചാരണത്തിനു നേതൃത്വം നല്‍കാനെത്തിയതിനു കാരണം ബി.ജെ.പിയുടെ പരാജയ ഭീതിയാണെന്നാണ് കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും വിലയിരുത്തുന്നത്.
തങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഹിജാബ്, ഹലാല്‍ മാംസം, ടിപ്പു സുല്‍ത്താന്‍ തുടങ്ങിയ വര്‍ഗീയ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്ന ചിന്ത തന്നെയാണ് അവസാന ഘട്ടത്തിലും മുസ്ലിം സംവരണം പോലുള്ള വിഷയങ്ങളില്‍ കേന്ദ്രീകരിക്കാന്‍ അമിത് ഷായേയും ബി.ജെ.പി നേതാക്കളേയും പ്രേരിപ്പിച്ചത്. അതേസമയം, അഴിമതി, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ കാര്യങ്ങളില്‍ ഒട്ടും ശ്രദ്ധ ചെലുത്താത്ത സംസ്ഥാന സര്‍ക്കാരിനെതിരെ ജനങ്ങള്‍ കിട്ടിയ അവസരത്തില്‍ പ്രതികരിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വിജയിച്ചേ തീരൂ എന്ന് തീരുമാനമെടുത്താണ് കോണ്‍ഗ്രസ് ഇത്തവണ രംഗത്തുള്ളത്. 1985 മുതല്‍ ഭരിക്കുന്ന പാര്‍ട്ടിയെ മാറ്റി പരീക്ഷിക്കുക എന്നതിലാണ് കര്‍ണാടക വോട്ടര്‍മാര്‍ വിശ്വസിക്കുന്നത് എന്നതും ബി.ജെ.പി പുറത്താക്കപ്പെടുമെന്ന വിശ്വാസത്തിനു കരുത്ത് പകരുന്നു. 40 ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാരെന്ന ആരോപണം ബി.ജെ.പിയുടെ പ്രതഛായയെ കുറച്ചൊന്നുമല്ല ബാധിച്ചത്. മുസ്ലിം വ്യാപാരികളെ ബഹിഷ്‌കരിച്ചതും ഹിജാബ് ധരിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് പഠനം മുടക്കിയതുമൊന്നും പാര്‍ട്ടിക്കകത്ത് രൂപപ്പെട്ട കലഹങ്ങളെ അതിജീവിക്കാന്‍ ബി.ജെ.പിയെ സഹായിക്കില്ലെന്നാണ് പല നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.
കര്‍ണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്ക് ബുധനാഴ്ചയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മേയ് 13ന്. ഭിന്നശേഷിക്കാര്‍ക്കും 80 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 2,62,42,561 പുരുഷന്മാരും 2,59,26,319 സ്ത്രീകളും 4,699 തേര്‍ഡ് ജെന്‍ഡര്‍മാരുമാണ്. നിലവിലെ കര്‍ണാടക നിയമസഭയുടെ കാലാവധി മേയ് 24ന് അവസാനിക്കുക 2018-19 വര്‍ഷത്ത അപേക്ഷിച്ച് 9.17 ലക്ഷം പുതിയ വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഏപ്രില്‍ ഒന്നിന് 18 വയസ്സ് തികയുന്നവര്‍ക്കും വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക. ഇവിടെ തോല്‍പിച്ച് ബി.ജെ.പിയുടെ തെന്നിന്ത്യന്‍ പ്രവേശനം പൂര്‍ണമായും മുടക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനം യാഥാര്‍ഥ്യമാകുമോ ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണ നീക്കം വീണ്ടും വിജയിക്കുമോ എന്നാണ് കാണാനിരിക്കുന്നത്.