ന്യൂയോർക്ക്- ടെക്‌സാസിലെ ഡാലസിലെ തിരക്കേറിയ മാളിൽ തോക്കുധാരി നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടത് 27 വയസുള്ള ഇന്ത്യക്കാരിയും. യുഎസിൽ പ്രോജക്ട് എഞ്ചിനീയറായി ജോലി ചെയ്യുന്ന ഐശ്വര്യ തടികൊണ്ടയാണ് കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം ഒൻപതുപേരെയാണ് അക്രമി വെടിവെച്ചുകൊന്നത്. ഒരു സുഹൃത്തിനൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് ഇവർക്ക് വെടിയേറ്റത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് വെടിവെപ്പ് ആരംഭിച്ചത്. തെലങ്കാന സംസ്ഥാനത്തെ രംഗ റെഡ്ഡി ജില്ലാ കോടതിയിലെ ജില്ലാ ജഡ്ജിയുടെ മകളായ ഐശ്വര്യ പെർഫെക്റ്റ് ജനറൽ കോൺട്രാക്ടേഴ്‌സ് എൽ.എൽ.സിയിൽ പ്രോജക്ട് എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു.
ശനിയാഴ്ച സംഭവത്തിന് മുമ്പ് ഐശ്വര്യ തന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു, ഷൂട്ടിംഗ് വിവരമറിഞ്ഞ് അവർ അവളെ തിരികെ വിളിച്ചപ്പോൾ പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് ജഡ്ജിയുടെ സുഹൃത്ത് പറഞ്ഞു.
ഞായറാഴ്ചയാണ് കുടുംബത്തിന് മരണവിവരം ലഭിച്ചത്. കൂടെയുള്ള സുഹൃത്തിനും വെടിയേറ്റു. ഇവർ അപകടനില തരണം ചെയ്തു. ഹൈദരാബാദിലെ കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ഐശ്വര്യ യുഎസിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം രണ്ട് വർഷത്തിലേറെയായി അവിടെ ജോലി ചെയ്തുവരികയാണ്.