തമിഴ്‌നാടിനെ കുറിച്ച് വ്യാജവിവരം; യുട്യൂബറുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിച്ചില്ല

ന്യൂദല്‍ഹി-തമിഴ്‌നാട്ടില്‍ ബിഹാറില്‍ നിന്നുള്ള തൊഴിലാളിള്‍ക്ക് നേര്‍ക്ക് അക്രമം നടക്കുന്നുവെന്ന വ്യാജ വിവരം പ്രവചരിപ്പിച്ച യൂട്യൂബറുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ സുപ്രീംകോടതി.
തമിഴ്‌നാട് പോലെ സമാധാനം നിലനില്‍ക്കുന്നൊരു സംസ്ഥാനത്തെക്കുറിച്ച് അസ്വസ്ഥത പരത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. രാജ്യ സുരക്ഷാ വകുപ്പ് ചുമത്തിയതിനെതിരേ യൂ ട്യൂബറായ മനീഷ് കശ്യപിന് ഉചിതമായ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. തനിക്കെതിരെ പല സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 19 എഫ്‌ഐആറുകളും ഒരുമിച്ചാക്കി ബിഹാറിലേക്ക് മാറ്റണമെന്ന കശ്യപിന്റെ ആവശ്യം കോടതി തള്ളി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് താന്‍ അക്രമത്തെക്കുറിച്ചുള്ള വീഡിയോ തയാറാക്കിയതെന്നായിരുന്നു കശ്യപിന്റെ വാദം. കശ്യപിനെ ജയിലില്‍ അടച്ചാല്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരെയും ജയിലില്‍ അടക്കേണ്ടി വരുമെന്നും കശ്യപിന്റെ അഭിഭാഷകന്‍ മനീന്ദര്‍ സിംഗ് വാദിച്ചു. മനീഷ് കശ്യപ് സ്ഥിരം നിയമലംഘകനാണെന്നാണ് ബിഹാര്‍ സര്‍ക്കാരിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്. ഇയാള്‍ക്കെതിരേ വധശ്രമത്തിനും പിടിച്ചുപറിക്കും കേസുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, മനീഷ് കശ്യപ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ അല്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയത്.

 

Latest News