മലപ്പുറം - താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും. അപകടത്തെ വളരെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം അന്വേഷണത്തിന് ഉണ്ടാവുമെന്നും അറിയിച്ചു. എം എല്‍ എമാരും വിവിധ കക്ഷി നേതാക്കളും ഉള്‍പ്പെട്ട യോഗം താനൂരില്‍ വെച്ച് നടന്നിരുന്നു. 22 പേര്‍ക്ക് ജീവന്‍ നഷ്ടമായ ദുരന്തം വലുതാണ്. സംസ്ഥാനത്ത് ഇതിന് മുന്‍പുണ്ടായ ദുരന്തങ്ങളുടെ ഘട്ടത്തില്‍ കരുതല്‍ നടപടി സ്വീകരിക്കാന്‍ പരിശോധന നടന്നിരുന്നു. മേലില്‍ ഇത്തരം സംഭവം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ കരുതല്‍ ഇപ്പോള്‍ തന്നെയെടുക്കണമെന്നും അതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.